ഗാന്ധി കുടുംബത്തിന്റെ ഫോർമുല വേണ്ട, സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തും അഴിച്ചുപണി വേണം: സഹികെട്ട് ഗ്രൂപ്പ് 23 നേതാക്കള്‍

ഡൽഹി: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍. ഗാന്ധി കുടുംബം മുന്നോട്ട് വെക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടതില്ലെന്ന്, ഗുലാം നബി ആസാദിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. എന്നാൽ, പ്രവർത്തക സമിതി ചേരുന്ന കാര്യത്തിൽ നേതൃത്വം മൗനം തുടരുകയാണ്.

ഓരോ തിരഞ്ഞെടുപ്പിലും ആവർത്തിച്ച് പാര്‍ട്ടി പരാജയപ്പെട്ട് പരിഹാസ്യരാകുന്ന സാഹചര്യത്തിൽ, നേതൃത്വം മാറുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്ന കടുംപിടുത്തത്തിലാണ് ഗ്രൂപ്പ് 23 നേതാക്കള്‍. കൂടിയാലോചനയ്ക്കായി കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപീന്ദര്‍ ഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാം നബി ആസാദിന്‍റെ വീട്ടില്‍ ഒത്തുകൂടിയത്. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ കൊണ്ടുവന്ന്, മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാക്കാനാണ് ഗാന്ധി കുടുംബത്തിന്‍റെ പദ്ധതി.

ഈ ഫോര്‍മുലയെ അംഗീകരിക്കാൻ ഗ്രൂപ്പ് 23 നേതാക്കൾ തയ്യാറല്ല. സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചുപണി അനിവാര്യമാണെന്ന് നേതാക്കൾ നിരീക്ഷിച്ചു. പഞ്ചാബിലെ ദയനീയ പരാജയം അടക്കം ചൂണ്ടിക്കാട്ടി, കെ.സി വേണുഗോപാലിനെതിരെ പ്രവര്‍ത്തക സമിതിയില്‍ നിലപാട് കടുപ്പിക്കാനാണ് ഗ്രൂപ്പ് 23 യുടെ തീരുമാനം.

© 2024 Live Kerala News. All Rights Reserved.