കഴിഞ്ഞ 8 വർഷത്തിനിടെ ഐ.എസിൽ ചേരാൻ പോയത് 150 ലധികം മലയാളികൾ:

ന്യൂഡൽഹി: ഐ.എസിൽ ചേർന്ന മലയാളിയായ നജീബിന്റെ മരണവാർത്തയ്ക്ക് പിന്നാലെ പുറത്തുവരുന്നത് മറ്റ് ചില വിവരങ്ങൾ കൂടി. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഐ.എസിൽ ചേരാനായി കേരളത്തിൽ നിന്ന് പോയത് 150 ലധികം പേരാണെന്ന് സുരക്ഷാ വൃത്തങ്ങൾ പറയുന്നു. ഇതിൽ, നിരവധി പേർ ഐ.എസിൽ ചേർന്നെങ്കിലും മറ്റ് ചിലർക്ക് അവിടെ എത്തിപ്പെടാൻ സാധിച്ചില്ല. സ്ത്രീകളടക്കമുള്ള സംഘവും ഐ.എസിൽ ചേർന്നിട്ടുണ്ട്. സോണിയ, നിമിഷ ഫാത്തിമ അടക്കമുള്ളവർ ഇതിന് ഉദാഹരണം. കുറഞ്ഞത് 40 ഓളം പേരെ അൽ-ഷദാദിയിലും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് നടത്തുന്ന ഘ്‌വെയ്‌റാൻ, അൽ-ഹോൾ തുടങ്ങിയ മറ്റ് ക്യാമ്പുകളിലും താമസിപ്പിച്ചിരിക്കുകയാണ് എന്നാണ് സൂചന. തുർക്കിയിലെയും ലിബിയയിലെയും ജയിലുകളിൽ തടവിലാക്കപ്പെട്ടവരും ലിസ്റ്റിലുണ്ട്.

2021 ൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തപ്പോൾ, കാബൂളിലെ വിവിധ ജയിലുകളിൽ കഴിയുകയായിരുന്ന, ഐ.എസിൽ ചേർന്ന മലയാളികളെയും തുറന്നു വിട്ടിരുന്നു. ഇതോടെ, ഇവർക്ക് ഇത്യയിലേക്ക് തിരികെ വരാനാകുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് കുടുംബം ഇപ്പോഴും. എന്നാൽ, മറ്റ് പല രാജ്യങ്ങളെ പോലെ ഇസ്ലാമിക് സ്റ്റേറ്റ് തടവുകാർക്ക് നയതന്ത്ര സഹായം നൽകാൻ ഇന്ത്യ തീരുമാനിച്ചിട്ടില്ല.

അതേസമയം, മലപ്പുറം സ്വദേശിയായ നജീബ് തന്റെ 23ാം വയസ്സിലാണ് ഐഎസിൽ ചേരാൻ നാടും വീടും ഉപേക്ഷിച്ച് പോയത്. തന്നെ അന്വേഷിച്ച് വരരുതെന്ന് ഉമ്മയ്ക്ക് സന്ദേശം അയച്ച ശേഷമായിരുന്നു നജീബ് നാട് വിട്ടത്. അഞ്ച് വർഷങ്ങൾക്ക് ശേഷം, മരണം സ്ഥിരീകരിച്ച് കൊണ്ട് ഐ.എസ് പ്രസ്താവന പുറത്തു വിട്ടതോടെയാണ് നജീബ് ഐ.എസിൽ ചേർന്നിരുന്നു എന്നതിന് സ്ഥിരീകരണമുണ്ടായത്. അതുവരെ സാധ്യതകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നജീബിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും എന്നാണ് വിവരം. നജീബിനെ ‘വീരൻ’ എന്നാണ് ഐ.എസിന്റെ മുഖപത്രമായ ‘വോയ്സ് ഓഫ് ഖൊറേസാൻ’ വാഴ്ത്തുന്നത്. നജീബിനെ കുറിച്ച് വലിയൊരു ലേഖനം തന്നെയാണ് ‘വോയ്സ് ഓഫ് ഖൊറേസാൻ’ പുറത്തുവിട്ടിരിക്കുന്നത്. നജീബ്, തീവ്രവാദ ഗ്രൂപ്പിൽ ചേരാൻ ഖൊറാസാനിൽ എത്തിയതും വിവാഹ ദിവസം മരണം കവർന്നതെങ്ങനെയെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

© 2022 Live Kerala News. All Rights Reserved.