രാഹുല്‍ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിച്ച് മുസ്ലിം ലീഗ്

കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിച്ച് മുസ്ലിം ലീഗ്. കണിയാമ്പറ്റ പഞ്ചായത്തിലെ സി.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധി എം.പിയുടെ പൊതുപരിപാടിയാണ് ലീഗ് ബഹിഷ്‌കരിച്ചത്. ചൊവ്വാഴ്ച ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാഹുല്‍ഗാന്ധി എം.പിയായിരുന്നു. ഈ ചടങ്ങിലേക്ക് പക്ഷേ മുസ്ലീംലീഗിന്റെ നേതാക്കളടക്കം ആരും തന്നെ എത്തിച്ചേര്‍ന്നില്ല.

കണിയാമ്പറ്റ പഞ്ചായത്തില്‍ യു.ഡി.എഫിനുള്ളില്‍ ഭിന്നത രൂക്ഷമായിട്ടും ഇത് പരിഹരിക്കാന്‍ ജില്ലാനേതൃത്വം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് കൂടിയായിരുന്നു ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധം. പഞ്ചായത്തില്‍ കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും ഈ നിലപാടില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിക്കുമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്, ജനറല്‍ സെക്രട്ടറി കെ.എം. ഫൈസല്‍ എന്നിവര്‍ നേരത്തെ അറിയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.