ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷിത പാതയൊരുക്കാൻ യുക്രൈനിലെ ഖാർവീവിൽ ആറു മണിക്കൂറാണ് റഷ്യ യുദ്ധം നിർത്തിവച്ചത്. പുതിയ ഭാരതത്തിന്റെ നയതന്ത്ര വിജയം !

കഴിഞ്ഞ ദിവസം യുക്രൈനിലെ ഖാർവീവിൽ ആറു മണിക്കൂറാണ് റഷ്യ യുദ്ധം നിർത്തിവച്ചത്. ഇന്ത്യക്കാരായ വിദ്യാർത്ഥികൾ അവിടെ നിന്നും സുരക്ഷിതരായി പോകാനായിട്ട്.
ഇത് ചെറിയ സംഭവമല്ല. സാധാരണഗതിയിൽ യുദ്ധം ആരംഭിച്ചാൽ, സൈനികപരിശീലനം നേടിയ പട്ടാളക്കാർ കണ്ണിൽ കണ്ടവരെയെല്ലാം പരിക്കേൽപ്പിച്ചും കൊന്നും മുന്നേറും. എന്നാൽ, യുക്രൈനിൽ യുദ്ധം ചെയ്യുന്നതിനൊപ്പം ഇന്ത്യക്കാരുടെ സുരക്ഷ കഴിയുന്നത്ര ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും ആക്രമണം നടത്തുന്ന റഷ്യൻ സൈന്യത്തിന് നോക്കേണ്ടിവന്നിരിക്കുന്നു.

ഇന്ത്യൻ പതാകകൾ വഹിക്കുന്ന ആളുകളെയും വാഹനങ്ങളെയും ആക്രമിക്കാതിരിക്കുക എന്ന നയവും അവർക്ക് പിന്തുടരേണ്ടിവന്നത് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ വായിച്ചതാണ്.
യുക്രൈന്റെയും റഷ്യയുടെയും വ്യോമപാതകൾ ഇന്ത്യക്കുമാത്രം ഉപയോഗിക്കാം.
യുദ്ധാഗമനത്തോടെ ഇടതടവില്ലാതെ നടത്തിയ നയതന്ത്രനീക്കങ്ങളുടെ ഫലമാണിത്.
ഇത്തരം സന്ദർഭങ്ങളിൽ ഈതെല്ലാം എല്ലാ രാജ്യങ്ങളും ചെയ്യുന്നതല്ലേ, ഇതിലെന്ത് പുതുമ എന്ന തരത്തിലുള്ള പ്രതികരണങ്ങളും കാണുന്നുണ്ട്. ഇതിൽ പ്രത്യേകതയുണ്ട്. കാരണം, റഷ്യയുടെ സഖ്യകക്ഷിപോലെ നിൽക്കുന്ന ചൈനയ്ക്കുപോലും സ്വന്തം വിദ്യാർത്ഥികളെ യുക്രൈനിൽനിന്നും ഒഴിപ്പിക്കാൻ സാധിച്ചിട്ടില്ല. മറ്റു രാജ്യങ്ങളുടെ കാര്യം അപ്പോൾ പറയാനുമില്ല. അവിടെയാണ് ഇന്ത്യൻ സർക്കാർ നേതൃത്വം നൽകി നടത്തുന്ന നയതന്ത്രനീക്കങ്ങൾ വ്യത്യസ്തമാകുന്നത്.

യുക്രൈനിൽ നടക്കുന്ന യുദ്ധത്തിനിടയിൽ ആറു മണിക്കൂർ യുദ്ധം നിർത്തുന്നത് റഷ്യയ്ക്ക് യുദ്ധത്തിൽ അത്രയും മേൽക്കൈ നഷ്ടപ്പെടുത്തുന്ന നീക്കമാണ്. പക്ഷേ, ഇന്ത്യൻ പൗരന്മാരുടെ മരണത്തിനിടയാക്കുന്ന ഏതു സംഭവവും ഇന്ത്യക്കും റഷ്യക്കുമിടയിൽ ഉണ്ടാക്കിയേക്കാവുന്ന അഭിപ്രായഭിന്നതകളിലേക്ക് പോകാൻ റഷ്യയുടെ തലവൻ പുടിൻ താത്പര്യപ്പെടുന്നില്ല. യു എൻ സുരക്ഷാസമിതിയിൽ യു എ ഇ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതും ജനറൽ അസംബ്ലിയിൽ 45 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നതും ഇന്ത്യ വിട്ടുനിന്നതിന്റെ നേരിട്ടും പരോക്ഷവുമായുള്ള ഫലമാണ്. അന്താരാഷ്ട്രവിഷയങ്ങളിൽ ഇന്ത്യൻ നിലപാടുകൾ ഏറെ രാജ്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.

യുദ്ധത്തിന്റെ ഇപ്പോഴത്തെ ഗതി കണ്ടിട്ട് തോന്നുന്നതിതാണ്. റഷ്യ ഫുൾ സ്ട്രെങ്ങ്തിൽ യുദ്ധം തുടങ്ങിയിട്ടില്ല. അവർ പൂർണ്ണശക്തിയിൽ യുക്രൈനുമേൽ ആഞ്ഞടിക്കും. ഇന്ത്യൻ ഇവാക്വേഷൻ പ്രവർത്തനങ്ങൾ അവസാനിച്ചാൽ. അതാണ് സിറ്റുവേഷൻ എങ്കിൽ അത്രയും സാവകാശം യുക്രൈന് സൈന്യത്തെ ഏകോപിപ്പിക്കാനും പൗരന്മാരെ സുരക്ഷിതരാക്കാനും ഒപ്പം ചർച്ചകൾക്കും ലഭിക്കുകയുമാണ്.
ആക്രമിക്കുന്നവൻ സുപ്രധാനം ഏന് കരുതുന്ന ഒരു യുദ്ധം അതിനിടയിൽ ആറു മണിക്കൂർ ഹാൾട്ട് ചെയ്യുക എന്നത് ഒരു മിലിട്ടറി സ്റ്റ്രാറ്റജിസ്റ്റും സാധാരണഗതിയിൽ ചെയ്യില്ല. കാരണം, തങ്ങൾക്ക് മേൽക്കൈയുള്ള യുദ്ധത്തിനിടയിലെ ഓരോ ഘട്ടവും മുന്നേറുന്ന സൈനികനെ സംബന്ധിച്ച് വിജയം ഉറപ്പുവരുത്തുന്ന ഗോൾഡൻ അവേഴ്‌സാണ്. അതാണവർ നഷ്ടപ്പെടുത്തിയത്.

അതിനിമപ്പുറം, തങ്ങളുടെ സ്വാധീനത്തിൽ വന്ന മേഖലകളിലെ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നത് ഇപ്പോൾ റഷ്യ തന്നെയാണ്. അവർ 130 ബസ്സുകൾ അതിനായി ഒരുക്കുകയും ചെയ്തു. വാർ സോണിനു മുകളിലൂടെ പറന്നുകൊണ്ട് ഇന്ത്യൻ വിമാനങ്ങൾക്ക് ആ കുട്ടികളെ നാട്ടിലെത്തിക്കാം.
ഈ യുദ്ധത്തിൽ റഷ്യ വിജയിച്ചാൽ റഷ്യക്കൊപ്പം നിൽക്കുന്ന ചൈനക്കത് നല്ലതും ഇന്ത്യക്ക് ദോഷവുമാകും എന്ന് ചിന്തിക്കുന്ന പെസിമിസ്റ്റുകൾക്കുള്ള മറുപടി കൂടിയാണ് ഇന്ത്യക്കാരുടെ കാര്യത്തിലെ വ്യത്യസ്തമായ റഷ്യൻ നയം.

യു എന്നിലെ വോട്ടെടുപ്പുകളിൽ റഷ്യയെ എതിർക്കാതെ വിട്ടുനിന്ന ഇന്ത്യൻ ഡിപ്ലോമസിയുടെ ഫലമാണ് ഇന്ത്യക്കാർക്ക് മാത്രമായി യുക്രൈന് പുറത്തേയ്ക്ക് റഷ്യ പാതയൊരുക്കാൻ തയ്യാറായത്.
ശശി തരൂർ ഒക്കെ പറയുന്നതുകേട്ട് റഷ്യയെ എതിർക്കാൻ പോയിരുന്നെങ്കിൽ അതിന്റെ ദോഷം അനുഭവിക്കുക യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർ തന്നെ ആകുമായിരുന്നു.
ഇന്ത്യ റഷ്യയെ എതിർക്കാത്തതിനും റഷ്യയുമായി അനുനയത്തിൽ പോകുന്നതിനും അർത്ഥങ്ങളുണ്ട്.
ഡയലോഗ് അടിക്കുന്നതല്ലാതെ നാറ്റോ പോലും റഷ്യയെ എതിർക്കുന്നില്ല എന്നതാണ് വാസ്തവം. കോവിഡ് കാലം ഈ യുദ്ധത്തിന്റെ മുന്നൊരുക്കങ്ങൾക്കായി റഷ്യ വിനിയോഗിച്ചു. അത് മുൻകൂട്ടി കാണാനേ പറ്റാതെപോയ നാറ്റോ ഇപ്പോൾ യുദ്ധം ചെയ്യാനിറങ്ങിയാൽ എത്ര ആയുധങ്ങളും രാജ്യങ്ങളും ഒപ്പമുണ്ടായാലും പരാജയപ്പെടാൻ സാധ്യത കൂടുതലാണ്. അത്തരത്തിൽ സ്വന്തം അപ്രമാദിത്തം അവസാനിക്കുന്ന ഒരു ഭാവി ഉണ്ടാകുന്നതിൽ നാറ്റോയ്ക്ക് താത്പര്യമുണ്ടാകില്ല.

നേരത്തേ തന്നെ വിദ്യാർത്ഥികളെ ഒഴിപ്പിക്കാത്തതിന്റെ ദുഷ്‌ഫലമല്ലേ ഈ പാടുപെട്ടു ചെയ്യുന്ന അനുനയവും ഒഴിപ്പിക്കലും എന്നും ചിലർ ചോദിക്കുന്നുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളോട് കഴിഞ്ഞ പതിനഞ്ചാം തീയതിമുതൽ യുക്രൈൻ വിടാനുള്ള നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസി നൽകിയിരുന്നു. അതുകേട്ട് പോകാൻ താത്പര്യം പ്രകടിപ്പിച്ചവരെ, കോഴ്‌സിൽനിന്നും വെളിയിലാകും എന്ന് പേടിപ്പിച്ച് പിടിച്ചുനിർത്തിയത് അവർ പഠിക്കുന്ന സ്ഥാപനങ്ങൾ തന്നെയാണ്. അതുകേട്ടിട്ട് അവിടെ തുടർന്ന വിദ്യാര്ഥികളെയോ അവർക്ക് മുന്നേതന്നെ നിർദ്ദേശം നൽകിയ ഇന്ത്യൻ എംബസിയെയോ കുറ്റപ്പെടുത്താനാകില്ല.

എങ്കിലും യുദ്ധം വന്നപ്പോൾ മറ്റൊരു രാജ്യത്തിനും സാധിക്കാത്തവിധത്തിൽ സ്വന്തം പൗരന്മാർക്ക് അവിടെന്നും പുറത്തേയ്ക്കുവരാൻ നമ്മുടെ സർക്കാർ കാര്യങ്ങൾ ഏകോപിപ്പിച്ചു. അതിലേറ്റവും പ്രധാനം ഇന്ത്യയുടെ അന്യാദൃശമായ നയതന്ത്ര ഇടപെടലുകളാണ്. അവ സാധാരണഗതിയിൽ ഇന്ത്യ നടത്തുന്ന നയതന്ത്രപരിശ്രമങ്ങക്കുമപ്പുറത്താണ്. അതിനാൽത്തന്നെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യത്തിൽ കയ്യടികൾ അർഹിക്കുന്നു.

ബലരാമ കൈമൾ

© 2024 Live Kerala News. All Rights Reserved.