ഉധംപൂര്‍ ആക്രമണത്തിനു പിന്നില്‍ ഹാഫിസ് സയീദിന്റെ മകനെന്ന് പിടിയിലായ ഭീകരന്‍

ന്യൂഡല്‍ഹി: ഉധംപൂര്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഭീകരസംഘടനയായ ജമാത്ത് അത്തുവ മേധാവി ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹയെന്ന് പിടിയിലായ പാക്ക് ഭീകരന്‍ മുഹമ്മദ് നവീദ് മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ ചോദ്യം ചെയ്യലിലാണ് മുഹമ്മദ് നവീദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയിലേക്ക് വരുന്നതിനു മുന്‍പ് തനിക്കും ഉധംപൂരിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നോമനും ആക്രമണം നടത്തേണ്ടത് എങ്ങനെ എന്നതിനെപ്പറ്റി തല്‍ഹ നിര്‍ദേശം നല്‍കി. ഞങ്ങള്‍ക്ക് ആക്രമണം നടത്തുന്നതിനുള്ള സഹായം ചെയ്തു തരാനായി ക്വാസിം എന്ന ഭീകരനെ തല്‍ഹ ചുമതലപ്പെടുത്തിയിരുന്നു. ആക്രമണത്തിനു രണ്ടുമാസം മുന്‍പുവരെ ജമ്മു കശ്മീരിന്റെ വിവിധ പ്രദേശങ്ങളിലായിട്ടായിരുന്നു താമസിച്ചിരുന്നത്. നാട്ടുകാരുടെ സഹായവും ലഭിച്ചിരുന്നു. ഈ സമയത്ത് ലഷ്‌കറെ തയിബയുമായി ബന്ധം പുലര്‍ത്തുന്ന ചിലരുടെ സഹായവും ലഭിച്ചിരുന്നുവെന്ന് നവീദ് മൊഴി നല്‍കിയിരുന്നു.

അതേസമയം, മുഹമ്മദ് നവീദ് പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശി തന്നെയാണെന്ന് സമീപവാസികള്‍ സ്ഥിരീകരിച്ചു. നവീദിന്റെ പിതാവായ മുഹമ്മദ് യാക്കൂബ് തന്റെ മറ്റു രണ്ടു ആണ്‍മക്കളോടൊപ്പം ഫൈസലാബാദിലെ റഫീഖ് കോളനിയിലാണ് താമസിച്ചിരുന്നതെന്ന് അയല്‍വാസികളായ നാട്ടുകാര്‍ പ്രമുഖ മാധ്യമത്തിനോട് വ്യക്തമാക്കി. യാക്കൂബിന്റെ മൂന്നാമത്തെ മകനാണ് മുഹമ്മദ് നവീദെന്നും അയല്‍വാസിയായ ഒരു നാട്ടുകാരന്‍ പറഞ്ഞു.

പിടിയിലായത് തന്റെ മകനാണെന്ന് മുഹമ്മദ് യാക്കൂബ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഞാന്‍ നിര്‍ഭാഗ്യവനായ പിതാവാണ്. പാക് സൈന്യവും ലഷ്‌കറെ തായിബയും പിന്നാലെയുണ്ട്. ഞാന്‍ കൊല്ലപ്പെടുമെന്നും യാക്കൂബ് പറഞ്ഞിരുന്നു. എന്നാല്‍ നവീദിന്റെ പൗരത്വം പാക്കിസ്ഥാന്‍ നിഷേധിച്ചിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.