മുഗളന്മാർ രജപുത്രരെ കൂട്ടക്കൊല ചെയ്ത പോലെയാണ് റഷ്യ ഉക്രെയ്നെ ആക്രമിക്കുന്നത്‘: നവീന്റെ മരണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി ഉക്രെയ്ൻ; ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി

ഡൽഹി: ഖാർകീവിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീന്റെ മരണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി ഉക്രെയ്ൻ. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കാൻ പ്രസിഡന്റ് വ്ലാഡിമർ പുടിനോട് അഭ്യർത്ഥിക്കാൻ ലോകനേതാക്കളോട് ഉക്രെയ്ൻ വീണ്ടും അഭ്യർത്ഥിച്ചു.

ഉക്രെയ്നിൽ യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി ഇന്ത്യയിൽ നിന്നും ഭക്ഷണ സാധനങ്ങളും മരുന്നുകളുമായി ആദ്യ വിമാനം ഇന്ന് പോളണ്ടിൽ ഇറങ്ങാനിരിക്കെ ഇന്ത്യയുടെ ഉദാരതയ്ക്ക് ഉക്രെയ്ൻ സ്ഥാനപതി ഇഗോർ പോളിഖ നന്ദി അറിയിച്ചു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെ മുഗളന്മാർ രജപുത്രരെ കൂട്ടക്കൊല ചെയ്തതിനോടാണ് അദ്ദേഹം ഉപമിച്ചത്.

നരേന്ദ്ര മോദി ഉൾപ്പെടെയുള്ള എല്ലാ പ്രമുഖ ലോകനേതാക്കളോടും ഉക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ നിന്നും പുടിനെ പിന്തിരിപ്പിക്കാൻ അഭ്യർത്ഥിക്കുകയാണ്. ബോംബാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും റഷ്യ എത്രയും വേഗം അവസാനിപ്പിക്കേണ്ടതാണെന്നും ഇഗോർ പോളിഖ പറഞ്ഞു.

റഷ്യൻ സൈന്യം ഇപ്പോൾ ജനവാസ കേന്ദ്രങ്ങളെ ആക്രമിക്കുകയാണ്. ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നും എന്നാൽ റഷ്യ ആക്രമണം തുടരുകയാണെന്നും പോളിഖ പറഞ്ഞു.webp

© 2023 Live Kerala News. All Rights Reserved.