കേരളത്തിന്റെ ആദരാഞ്ജലി, സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്‍

തിരുവനന്തപുരം: അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍.

രാവിലെ 8 മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും.

ഇന്നലെ രാത്രിയോടെയായിരുന്നു കെപിഎസി ലളിത അന്തരിച്ചത്. 74 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു, ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തുറയിലെ വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മരണവാര്‍ത്തയറിഞ്ഞു ഇന്നലെ രാത്രി തന്നെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിരവധി സിനിമാ പ്രവര്‍ത്തകരും സാംസ്‌കാരിക രാഷ്ട്രീയ പ്രതിനിധികളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി

സ്വയം വരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, പൊന്‍മുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദര്‍, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 550ലേറെ സിനിമകളില്‍ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായിരുന്നു.

© 2024 Live Kerala News. All Rights Reserved.