മന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ വിസമ്മതിച്ചു; വിദ്യാര്‍ഥിയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു

 

സാബോങ് (കൊല്‍ക്കത്ത): മന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ വിസമ്മതിച്ച കോളജ് വിദ്യാര്‍ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു. പടിഞ്ഞാറന്‍ മിഡ്‌നാപൂരിലെ സബാങ് സജനികാന്ത് മഹാവിദ്യാലയ കോളജിലെ വിദ്യാര്‍ഥിയായ കൃഷ്ണ പ്രസാദ് ജനയാണ് കൊല്ലപ്പെട്ടത്.

ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ കോളജിനകത്തെത്തിയ തൃണമൂല്‍ ഛത്രപരിഷത്ത് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളോട് തൃണമൂല്‍ മന്ത്രിയായ സൗമന്‍ മഹാപത്രയ്ക്ക് അഭിവാദ്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോളജിലെ വിദ്യാര്‍ഥി യൂണിയനായ ഛത്ര പരിഷത്തിലെ അംഗങ്ങള്‍ അതിനു വിസമ്മതിച്ചു. കൃഷ്ണയാണ് അതിനെതിരെ പ്രധാനമായും ശബ്ദമുയര്‍ത്തിയത്. നിങ്ങളുടെ മന്ത്രി വരുമ്പോള്‍ ഞങ്ങളെന്തിനാണ് അവിടെ ചെന്ന് മുദ്രാവാക്യം വിളിക്കേണ്ടത് എന്നായിരുന്നു കൃഷ്ണയുടെ ചോദ്യം.

ഉടന്‍ തന്നെ ചിലര്‍ വടികളും ഇരുമ്പു ദണ്ടുകളും ഉപയോഗിച്ച് കൃഷ്ണയെ ആക്രമിക്കുകയായിരുന്നു. മറ്റു വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയാണ് കൃഷ്ണയെ തല്ലിയത്. ഛത്ര പരിഷത്തിലെ ചില വിദ്യാര്‍ഥികള്‍ ഇതു തടയാന്‍ ശ്രമിച്ചെങ്കിലും അവരെയും തല്ലി. ചോര വാര്‍ന്നൊലിക്കുന്ന അവസ്ഥയിലെത്തിയപ്പോള്‍ തൃണമൂല്‍ ഛത്രപരിഷത്ത് പ്രവര്‍ത്തകര്‍ കൃഷ്ണയെ അവിടെ ഉപേക്ഷിച്ചു കടന്നു.

കൃഷ്ണയെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ ഛത്ര പരിഷത്തിലെ വിദ്യാര്‍ഥികള്‍ ഒരു അധ്യാപികയുടെ കാര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കിയില്ല. തുടര്‍ന്ന് ബൈക്കിലാണ് വിദ്യാര്‍ഥികള്‍ കൃഷ്ണയെ ഹോസ്പിറ്റലില്‍ എത്തിച്ചത്. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും കൃഷ്ണ മരിച്ചിരുന്നു. അതേസമയം, സംഭവത്തിനു പിന്നില്‍ തൃണമൂല്‍ ഛത്രപരിഷത്ത് പ്രവര്‍ത്തകരല്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാദം.

© 2024 Live Kerala News. All Rights Reserved.