കഴിഞ്ഞ രണ്ടു വര്‍ഷത്തെ ‘സ്വാഭാവിക’ ആന മരണങ്ങള്‍ പുനരന്വേഷിക്കാന്‍ വനം മേധാവിയുടെ ഉത്തരവ്

 

തിരുവനന്തപുരം: സംസ്ഥാന വനമേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സ്വാഭാവിക മരണമെന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കാട്ടാന മരണങ്ങളെല്ലാം പുനരന്വേഷിക്കാന്‍ വനം മേധാവി ഉത്തരവിട്ടു. കേരളത്തില്‍ കാട്ടാന മരണങ്ങള്‍ ക്രമാതീതമായി കൂടുകയും അതില്‍ ഏറിയ പങ്കും നായാട്ടാണെന്നു വ്യക്തമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ ഉത്തരവ്.

രണ്ടു വര്‍ഷത്തിനിടെ 72 ‘സ്വാഭാവിക’ മരണങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. അസ്വാഭാവിക മരണങ്ങളെ കേസും നൂലാമാലകളും ഒഴിവാക്കാന്‍ വനം അധികൃതരുടെ അറിവോടെ ‘സ്വാഭാവിക’ങ്ങളാക്കിയതാണോ എന്നാണു സംശയം. മലയാറ്റൂര്‍ മേഖലയിലെ ആനവേട്ടക്കഥകള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നതിനു പിന്നാലെയാണ് ഉത്തരവ്.

ചീഫ് കണ്‍സര്‍വേറ്റര്‍, കണ്‍സര്‍വേറ്റര്‍ തലത്തിലെ ഉദ്യോഗസ്ഥരാണ് ഈ ആന മരണങ്ങള്‍ പുന:പരിശോധിക്കേണ്ടത്. ഇന്റലിജന്‍സ് വിഭാഗത്തിനും ഇതേ നിര്‍ദേശം നല്‍കി. ഭാവിയി!ല്‍ സംരക്ഷിത പട്ടികയില്‍പെട്ട വന്യമൃഗങ്ങളുടെ മരണം റിപ്പോര്‍ട്ട് ചെയ്താല്‍, കണ്‍സര്‍വേറ്റര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും എടുത്തു സൂക്ഷിക്കണമെന്നും വനം മേധാവിയുടെ ഉത്തരവില്‍ വ്യക്തമാക്കി. ഉള്‍വനത്തിലെ പരിശോധനയ്ക്കിടെ ആനയുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തുമെങ്കിലും എല്ലാം സ്വാഭാവിക മരണമായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു പതിവ്. സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെടെ പലയിടത്തും ഇവ കത്തിച്ചുകളഞ്ഞു.

ഏറ്റവും കൂടുതല്‍ കാട്ടാന മരണം റിപ്പോ!ട്ട് ചെയ്തതു മലയാറ്റൂര്‍ ഡിവിഷനിലാണ്. ഇവിടെ നടന്ന ആനവേട്ട മാധ്യങ്ങള്‍ പുറത്തു കൊണ്ടുവന്നതിനു പിന്നാലെ തുടരെ അറസ്റ്റുകള്‍ അരങ്ങേറി. ഒന്നാം പ്രതി ഐക്കരമറ്റം വാസു ആത്മഹത്യ ചെയ്തു, ആനവേട്ടയിലും കൊമ്പു കച്ചവടത്തിലും പങ്കാളികളായ നാല്‍പതോളം പേര്‍ അറസ്റ്റിലുമായി. ഇരുപത്തഞ്ചിലേറെ കാട്ടാനകളെ വേട്ടയാടിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് അറസ്റ്റിലായവരില്‍നിന്നു കിട്ടിയത്. രണ്ടാംപ്രതി എല്‍ദോസ്, തെളിവെടുപ്പിനിടെ ആനയെ വെടിവച്ച രണ്ടു സ്ഥലങ്ങള്‍ കാണിച്ചു കൊടുത്തെങ്കിലും അവശിഷ്ടങ്ങള്‍ എല്ലാം ‘അപ്രത്യക്ഷ’മായിരുന്നു.

© 2024 Live Kerala News. All Rights Reserved.