പാകിസ്ഥാനിൽ സ്‌പീക്കർമാരുടെ സമ്മേളനം ഇന്ത്യ ബഹിഷ്‌കരിക്കും

ന്യൂഡൽഹി: അടുത്ത മാസം പാകിസ്ഥാനിൽ നടക്കുന്ന കോമൺവെൽത്ത് രാജ്യങ്ങളിലെ സ്‌പീക്കർമാരുടെ  സമ്മേളനം ബഹിഷ്‌കരിക്കാൻ ഇന്നലെ ഡൽഹിയിൽ ചേർന്ന സംസ്ഥാന സ്‌പീക്കർമാരുടെ യോഗം തീരുമാനിച്ചു.
ജമ്മു-കാശ്‌മീർ സ്‌പീക്കറെ സമ്മേളനത്തിനു ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണിതെന്ന്  ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു.
സെപ്‌തംബർ 30 മുതൽ ഒക്ടോബർ 8 വരെ നടക്കുന്ന കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ (സി.പി.എ) സമ്മളനത്തിന് ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും സ്‌പീക്കർമാരെ പാകിസ്ഥാൻ  ക്ഷണിച്ചപ്പോൾ ജമ്മു-കാശ്‌മീർ സ്‌പീക്കറെ മാത്രം  ഒഴിവാക്കുകയായിരുന്നു.  ജമ്മു-കാശ്‌മീർ യു.എന്നിലെ തർക്കവിഷയമാണെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണിത്.1951 – 57 കാലയളവിൽ യു. എൻ രക്ഷാസമിതിയിൽ തങ്ങൾ എതിർപ്പറിയിച്ചിട്ടുണ്ടെന്ന സാങ്കേതിക വാദമാണ് പാകിസ്ഥാൻ പറയുന്നത് . അത് കാലഹരണപ്പെട്ടതാണ്. പാകിസ്ഥാൻ  തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ സമ്മേളന വേദി  അവിടെ നിന്ന് മാറ്റണമെന്നും  ലോക്‌സഭാ സ്പീക്കർ  പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചാബിലും ജമ്മു കാശ്മീരിലും ആക്രമണം നടത്തിയത്  ഭീകരർ പാക്   ഭീകരരാണെന്നാണ് ഇന്ത്യയുടെ  ആരേപണം. ഏതാനും ദിവസങ്ങളായി പാക്  സൈന്യം അതിർത്തിയിൽ ശക്തമായ വെടിനിർത്തൽ കരാർ ലംഘനമാണ് നടത്തുന്നത്. ഇത് ഇന്ത്യ-പാക്  ബന്ധം വഷളാക്കുന്നതിനിടെയാണ്   കോമൺവെൽത്ത്  സ്പീക്കർമാരുടെ  സമ്മേളനം ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ  തീരുമാനം.

© 2024 Live Kerala News. All Rights Reserved.