ആവേശത്തിരയിളകി… നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

 

ആലപ്പുഴ: പുന്നമടക്കായല്‍ ഇന്നു പുളകമണിയ!ും. അറുപത്തിമൂന്നാമതു നെഹ്‌റു ട്രോഫി ജലോല്‍സവം ഇന്നു രാവിലെ 11 ന് ആരംഭിക്കും. ചെറുവള്ളങ്ങളുടെ പ്രാഥമിക മല്‍സരങ്ങള്‍ക്കുശേഷം ഉച്ചയ്ക്കു രണ്ടിനു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ജലോല്‍സവം ഉദ്ഘാടനം ചെയ്യും. ചൈനീസ് സ്ഥാനപതി ലി യു ഷെഗ് ആണു മുഖ്യാതിഥി.

മാസ് ഡ്രില്ലിനു ശേഷം 16 ചുണ്ടന്‍വള്ളങ്ങളാണു നെഹ്‌റുവിന്റെ കൈയൊപ്പുള്ള വെള്ളിച്ചുണ്ടനു വേണ്ടി പോരാടുക. ഇതുള്‍പ്പെടെ 63 കളിവള്ളങ്ങളാണു കായല്‍പ്പരപ്പിനെ മല്‍സരക്കളമാക്കുക. ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷം കളിവള്ളങ്ങളുടെ ഫൈനലും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സും ഫൈനലും നടക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍ക്കുശേഷം സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെ ബാന്‍ഡിന്റെ സംഗീത പരിപാടിയുണ്ടാകും.
നേരത്തെ ടിക്കറ്റ് എടുക്കാതെ എത്തുന്നവര്‍ക്കും ഇന്നു രാവിലെ ടിക്കറ്റ് എടുക്കാനുള്ള അവസരമുണ്ട്. ആലപ്പുഴ ആര്‍ഡിഒയുടെ ഓഫിസ്, ഡിടിപിസി ഓഫിസ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ടൗണ്‍ സ്‌ക്വയര്‍, പുന്നമട ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവിടങ്ങള്‍ക്കു പുറമെ പുന്നമടയിലേക്കുള്ള വഴിയിലെ പ്രത്യേക കൗണ്ടറുകളിലും ടിക്കറ്റ് ലഭ്യമാകും. വള്ളംകളി കാണാന്‍ ബോട്ടിലെത്തുന്നവര്‍ രാവിലെ 10 നു മുന്‍പു സ്ഥലത്ത് എത്തിച്ചേരണം.

© 2024 Live Kerala News. All Rights Reserved.