ഇന്ത്യയില്‍ പിടിയിലായ പാക് ഭീകരന്‍ നവീദിന്റെ യാത്രയുടെ ചുരുളഴിയുന്നു

 

ന്യൂഡല്‍ഹി: ജമ്മുവിലെ ഉദംപൂരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവീദ് യാത്ര തുടങ്ങുന്നത് മേയ് 27ന് പാക് അധിനിവേശ കശ്മീരിലെ ഹലാനില്‍ നിന്ന്. ജൂണ്‍ രണ്ടിന് നിയന്ത്രണ രേഖയില്‍ എത്തിച്ചേര്‍ന്ന നവീദ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയതിനെ കുറിച്ച് പറയുന്നത് ഇങ്ങനെ:

മേയ് 27ന് ആസാദ് കശ്മീരിലെ ഹലാനില്‍ നിന്നാണ് ഞങ്ങള്‍ യാത്ര ആരംഭിച്ചത്. ഉധംപൂരിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്‍ നോമന്‍ അടക്കം ഞങ്ങള്‍ നാലുപേരാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. 20 കിലോമീറ്ററോളം ജിപിഎസിന്റെ സഹായത്തോടെയായിരുന്നു യാത്ര. ഖൈബര്‍ പ്രവിശ്യയില്‍ നിന്നുള്ള ഒകാശ പാക്തൂണ്‍, മൊഹദ് ഭായ് എന്നിവരായിരുന്നു എനിക്കും നോമനുമൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍. ഞങ്ങള്‍ ജൂണ്‍ ഏഴിന് തന്‍മാര്‍ഗ് ബാബ ഋഷി മാര്‍ഗില്‍ എത്തി. ഇവിടെ ആഷിഖ് ഭട്ട് അഥവാ ഒബൈദ എന്നയാള്‍ സ്വീകരിച്ചു.

തുടര്‍ന്ന് ഞങ്ങള്‍ രണ്ടു ഗ്രൂപ്പുകളായി പിരിഞ്ഞു. നാട്ടുകാരുടെ സഹായത്താല്‍ വിവിധ സ്ഥലങ്ങളിലായി താമസം ആരംഭിക്കുകയും ചെയ്തു. ഇവിടെ താമസിക്കുമ്പോള്‍ ലഷ്‌കറെ തയിബയുമായി ബന്ധം പുലര്‍ത്തുന്ന ചിലര്‍ കാണാനെത്തിയിരുന്നു. അവര്‍ ഞങ്ങള്‍ക്ക് പണവും മറ്റു സഹായങ്ങളും ചെയ്തു നല്‍കി. ജൂലൈ 23ന് ഞാനും നോമനും ആറു ലഷ്‌കര്‍ ഭീകരരുമായി പുല്‍വാമയിലെത്തി. ഇവിടേക്കുള്ള യാത്രാമധ്യേ പൊലീസിന്റെ പരിശോധനയുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടു. തെക്കന്‍ കശ്മീരിലെ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കമുള്ളവരായിരുന്നു ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്.

ക്വാസിം എന്ന ഭീകരനാണ് ഞങ്ങള്‍ക്ക് ആക്രമണം നടത്തുന്നതിനുള്ള സഹായം ചെയ്തു തന്നത്. പുല്‍വാമയില്‍നിന്ന് യാത്രയ്ക്കായി ഒരു വാഹനവും ഇയാള്‍ ഏര്‍പ്പാടാക്കിയിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഞങ്ങള്‍ ടോള്‍ ബൂത്ത് കടന്നു. പാറ്റാനി ടോപ്പിനു സമീപമുള്ള ടമാടറിലാണ് രണ്ടുപേര്‍ താമസിച്ചത്, രാവിലെ ഇവിടെനിന്നും പുറപ്പെടുകയും ചെയ്തു. ഉധംപൂരിലേക്കുള്ള വഴിമധ്യേ കശ്മീരി ഹോട്ടലില്‍ നിന്ന് ഞാന്‍ ഭക്ഷണം കഴിച്ചിരുന്നു. തുടര്‍ന്നാണ് ബിഎസ്എഫ് സൈനിക പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയത്.

© 2024 Live Kerala News. All Rights Reserved.