മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ പരിസ്ഥിതി പഠനത്തിനു കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി

ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണു പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ അനുമതി നല്‍കിയത്.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണു പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് മുന്നോടിയായി പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ അനുമതി നല്‍കിയത്. കേരളം സമര്‍പ്പിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് പരിഗണിച്ചാണു പഠനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്.

നിലവിലെ അണക്കെട്ട് ബലക്ഷയം നേരിടുന്നുണ്ടെന്നും കാലഹരണപ്പെട്ടെന്നും റിപ്പോര്‍ട്ടിനൊപ്പം സംസ്ഥാനം വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷത്തിനകം പഠനം പൂര്‍ത്തിയാക്കണം. പുതിയ അണക്കെട്ടിനെ എതിര്‍ത്തു സുപ്രീം കോടതിയില്‍ തമിഴ്നാട് ഹര്‍ജി നല്‍കിയിരുന്നെങ്കിലും കേരളത്തിന്റെ പഠനത്തിന് ഇതു തടസമാകില്ലെന്നു മന്ത്രാലയം വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം കൂടെ ആരാഞ്ഞ ശേഷമായിരുന്നു ഇക്കാര്യത്തില്‍ വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്.

സ്വന്തം ഭൂമിയില്‍ പഠനം നടത്തുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചത്. പരിസ്ഥിതി ആഘാത പഠനത്തിനു കഴിഞ്ഞ ഡിസംബറില്‍ വനം വന്യജീവി ബോര്‍ഡിന്റെ അനുമതിയും കേരളത്തിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തൃശ്ശൂര്‍ ആസ്ഥാനമാക്കിയുള്ള കേരളാ എന്‍ജീനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പാറകളുടെ ഉറപ്പ് പരിശോധിക്കാനുള്ള ബോര്‍ ഹോളുകളുടെ നിര്‍മ്മാണവും മുല്ലപെരിയാറില്‍ നടത്തിയിരുന്നു.

നിലവിലെ അണക്കെട്ടിന് 366 മീറ്റര്‍ താഴെ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനായിരുന്നു കേരളം പദ്ധതിയിട്ടിരുന്നത്. പാരിസ്ഥിതിക ആഘാത പഠനം തടയണമെന്ന് കാണിച്ച് തമിഴ്‌നാട് നല്‍കിയ ഹര്‍ജി വേനല്‍ അവധി കഴി‍ഞ്ഞ് സുപ്രീം കോടതി പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.