അഴിമതിയ്‌ക്കെതിരെ ജനകീയ പ്രതിരോധവുമായി സിപിഐ(എം).. എട്ട് ലക്ഷം യുവാക്കള്‍ അണിനിരക്കുന്ന 1000 കി.മി പാതയോര ധര്‍ണ്ണ ആഗസ്റ്റ് 11 ന്

തിരുവനന്തപുരം: വിലക്കയറ്റത്തിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെയും അഴിമതിക്കെതിരെയും സിപിഐ എം കേരളത്തില്‍ ആഗസ്റ്റ് 11 ന് സംഘടിപ്പിക്കുന്ന 1000 കിലോമീറ്റര്‍ നീളുന്ന ജനകീയ പ്രതിരോധത്തില്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 8 ലക്ഷം യുവജനങ്ങള്‍ പങ്കെടുക്കും.

യുവാക്കളേയും ഈ പ്രക്ഷോഭത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നു വരികയാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുന്ന സ്ഥിതിയാണ് സൃഷ്ടിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഒഴിവുകള്‍ ഉണ്ടായിട്ടും അവ നികത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല.

അഭ്യസ്ത വിദ്യര്‍ തൊഴിലില്ലാതെ നില്‍ക്കുന്ന സ്ഥിതി അതുകൊണ്ട് തന്നെ രുക്ഷമാണ്. കേരളത്തിലാവട്ടെ നിയമനിരോധനം തന്നെ ഏര്‍പ്പെടുത്തുന്ന സ്ഥിതിയാണ് ഉള്ളത്. 30,000 തസ്തികകള്‍ ഇതിനകം തന്നെ ഇല്ലാതാക്കി കഴിഞ്ഞു. കൂടുതല്‍ തസ്തികകള്‍ ഇല്ലാതാക്കുന്നതിനുള്ള കണക്കെടുപ്പുകളും നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലാണ് ഏറ്റവും കൂടുതല്‍ റിട്ടയര്‍മെന്റ് നടന്നിട്ടുള്ളത്. എന്നാല്‍ അതിന് അനുസരിച്ച് നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്യരുതെന്ന് വകുപ്പ് മേധാവികള്‍ക്ക് രഹസ്യനിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് പോലും നിയമനം ലഭിക്കാത്ത സ്ഥിതിയാണ് ഉള്ളത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കൊണ്ടുപോവുകയും നിയമനം നടത്താതെ യുവജനങ്ങളെ കബളിപ്പിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. പിഎസ്സിയെ തകര്‍ത്ത് പിന്‍വാതിലിലൂടെ നിയമനം നടത്തുന്നതിനുള്ള നയങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎസ്സിക്ക് വിട്ട ദേവസ്വം ബോര്‍ഡുകളുടെ നിയമനങ്ങള്‍ പ്രത്യേക ബോര്‍ഡ് സ്ഥാപിച്ച് നിയമിക്കുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയിരിക്കുകയാണ്.

പിഎസ്സിയുടെ നിത്യനിദാന ചെലവുകള്‍ക്കുവേണ്ടിയുള്ള ബില്ലുകള്‍ തന്നെ തടഞ്ഞുകൊണ്ടും ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്. പിഎസ്സിയുടെ 100ലധികം ബില്ലുകള്‍ ട്രഷറി വകുപ്പ് തിരിച്ചയച്ചു. ബില്ലുകള്‍ മാറണമെങ്കില്‍ പ്രത്യേക ഉത്തരവ് വേണമെന്നാണ് ഇപ്പോഴുള്ള നിര്‍ദ്ദേശം. ഇതിന്റെ ഫലമായി പരീക്ഷകളും ഇന്റര്‍വ്യൂകളും കായികക്ഷമതാ പരീക്ഷകളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പി.എസ്.സിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നത്. യുവജനങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായി നിലപാടെടുത്ത് പൊരുതുന്ന സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധത്തില്‍ യുവജനങ്ങളുടെ വന്‍പ്രതിഷേധവും അലയടിക്കും.

Courtesy:Deshabhimani.com

© 2024 Live Kerala News. All Rights Reserved.