കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളുടെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക്.ഞായറാഴ്ച തുടങ്ങിയ ചോദ്യം ചെയ്യലിന്റെ അവസാനദിനമാണിന്ന്. ചോദ്യം ചെയ്യലിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച്ചയാണ് സമര്‍പ്പിക്കുക. റിപ്പബ്ലിക് ദിനമായതിനാല്‍ നാളെ ഹൈക്കോടതി അവധിയാണ്.കോടതിയില്‍ നല്‍കിയ വിവരങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ പരമാവധി ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നത്. കേസില്‍ ഒരാളെ മാപ്പുസാക്ഷിയാക്കി മാറ്റി മറ്റു പ്രതികളുടെ കുരുക്കുമുറുക്കാന്‍ സാധ്യതയുണ്ട്.അപ്പു, ബൈജു എന്നിവരിലാരെയെങ്കിലും മാപ്പുസാക്ഷിയാക്കി മാറ്റാനാണ് നീക്കം. തിങ്കളാഴ്ച സംവിധായകരായ റാഫി, അരുണ്‍ ഗോപി, ദിലീപിന്റെ നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ മാനേജരടക്കം മൂന്ന് ജീവനക്കാര്‍ എന്നിവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചു.അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ദിലീപിനെതിരെ കൂടുതല്‍ ആളുകള്‍ തെളിവുകളുമായി രംഗത്ത് വരുമെന്ന് പള്‍സര്‍ സുനി പറഞ്ഞതായി അമ്മ ശോഭന മാധ്യമങ്ങളോട് പറഞ്ഞു. സുനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. തനിക്ക് അറിയാവുന്നതും മകന്‍ പറഞ്ഞതുമായ എല്ലാ കാര്യങ്ങളും കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്ന് സുനി പറഞ്ഞതായും അമ്മ വ്യക്തമാക്കി.