കര്‍ഷകര്‍ക്ക് ആശ്വസിക്കാം: റബര്‍ സബ്‌സിഡി തുക അടുത്തയാഴ്ച അക്കൗണ്ടിലേക്കു നിക്ഷേപിച്ചു തുടങ്ങും

 

തിരുവനന്തപുരം: സര്‍ക്കാരിന്റെ റബര്‍ ഉല്‍പാദക പ്രോല്‍സാഹന പദ്ധതിയില്‍ കര്‍ഷകര്‍ സമര്‍പ്പിച്ച ബില്ലുകളുടെ പരിശോധന തുടങ്ങി. റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുശേഷം ബില്ലുകള്‍ ധനവകുപ്പിനു കൈമാറും. അടുത്തയാഴ്ചയോടെ ധനവകുപ്പ് സബ്‌സിഡി തുക കര്‍ഷകരുടെ അക്കൗണ്ടിലേക്കു നിക്ഷേപിച്ചുതുടങ്ങും.

ഇന്നലെവരെ ഏകദേശം 1.15 ലക്ഷം കര്‍ഷകരാണു പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 80,000 പേരുടെ പരിശോധന പൂര്‍ത്തിയായി. 20,000 പേര്‍ക്ക് അംഗീകാരം നല്‍കി. ഇവര്‍ സമര്‍പ്പിച്ച ബില്ലുകളാണു റബര്‍ ഉല്‍പാദക സംഘങ്ങള്‍ വഴി അപ്‌ലോഡ് ചെയ്യുന്നത്. 1850 ഉല്‍പാദക സംഘങ്ങളാണ് ഇതുവരെ പദ്ധതിയില്‍ പങ്കാളികളായത്.

സബ്‌സിഡി പദ്ധതിയില്‍ ലാറ്റക്‌സ് കൂടി ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും ഇതിനായി പ്രത്യേക പാക്കേജ് തയാറാകാന്‍ ഒരാഴ്ചയോളമെടുക്കുമെന്നാണു സൂചന. ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ തുടങ്ങി. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് തയാറാക്കിയ സോഫ്റ്റ്‌വെയറിലും ഇതിനാവശ്യമായ മാറ്റം വരുത്തും.

സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ചെറുകിട തോട്ടങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ തീരുമാനം. അതേസമയം, പട്ടയം ഇല്ലാത്ത ഭൂമിയിലെ കര്‍ഷകര്‍ക്കു രേഖകളുടെ കാര്യത്തില്‍ ഇളവു നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ ഉത്തരവ് രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ഇറങ്ങും.

© 2024 Live Kerala News. All Rights Reserved.