ധീരജ് കൊലപാതകം: പ്രതിപക്ഷ നേതാവിന് സുരക്ഷ വര്‍ധിപ്പിച്ചു;പ്രാദേശിക പരിപാടികളിലും എസ്‌കോര്‍ട്ട്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സുരക്ഷ വര്‍ധിപ്പിച്ചു. ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി,ജെറിന്‍ ജോജോ എന്നിവര്‍ ചേര്‍ന്ന് കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം അക്രമ സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയത്. പ്രാദേശിക പരിപാടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ എസ്‌കോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റേയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്റലിജന്‍സ് നിര്‍ദേശമുണ്ടായിരുന്നു.കെ. സുധാകരന് നിലവിലുള്ള ഗണ്‍മാന് പുറമേ കമാന്റോ ഉള്‍പ്പെടെയുള്ള സുരക്ഷയൊരുക്കണം. കെ.പി.സി.സി പ്രസിഡന്റ് പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളില്‍ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണം ഏര്‍പ്പെടുത്തണം. സുധാകരന്റെ വീടിന് പൊലീസ് കാവല്‍ നല്‍കണം തുടങ്ങിയ സുരക്ഷ നിര്‍ദേശങ്ങളാണ് ഇന്റലിജന്‍സ് മുന്നോട്ട് വെച്ചത്.അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാവുന്നുണ്ട്. കൊയിലാണ്ടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ സി.കെ.ജി സെന്ററിന് നേരെ ആക്രണം ഉണ്ടായിരുന്നു. ഓഫീസിന് മുന്നിലെ കൊടിമരം പിഴുതെടുത്ത് കൊണ്ടുപോയിരുന്നു.ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള മഠത്തില്‍ മുക്കില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെയും ആക്രമണം നടന്നു. ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രതിഷേധ പ്രകടനത്തിനിടയില്‍ ഒരു പറ്റം പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ബോര്‍ഡും കസേരയും മേശയുമടക്കം അടിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.വടകര എടച്ചേരിയിലും കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണമുണ്ടായി. പയ്യോളിയില്‍ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്തു. വിലാപയാത്ര കടന്നു പോയതിനു ശേഷമാണ് ആക്രമണം.മലപ്പുറം വണ്ടൂരിനടുത്ത് ചെറുകോട് കോണ്‍ഗ്രസ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് പ്രകടനത്തിനിടെ സി.പി.ഐ.എമ്മിന്റെ കൊടികള്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.അതേസമയം, ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു.തളിപ്പറമ്പ് പട്ടപ്പാറയിലെ ധീരജിന്റെ വീടിനോട് ചേര്‍ന്നുള്ള സി.പി.ഐ.എം വാങ്ങിയ സ്ഥലത്താണ് അന്ത്യവിശ്രമം ഒരുക്കിയത്.

© 2024 Live Kerala News. All Rights Reserved.