വൈദ്യശാസ്ത്രത്തില്‍ പുതു ചരിത്രം; പന്നിയുടെ ഹൃദയം മനുഷ്യനില്‍ മാറ്റിവെച്ചു

വാഷിങ്ടണ്‍:വൈദ്യശാസ്ത്രരംഗത്ത് പുതു ചരിത്രം കുറിച്ചുകൊണ്ട് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് എന്ന 57 കാരനിലാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിച്ചിരിക്കുന്നത്.ഡേവിഡ് ബെന്നറ്റ് കുറേ ദിവസങ്ങളായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ ഒരു മനുഷ്യഹൃദയത്തിനായി ഒരുപാട് ശ്രമിച്ചിരുന്നു. എന്നാല്‍ അത് ലഭിക്കാത്ത സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയില്‍ പരീക്ഷണത്തിന് ശാസ്ത്രലോകം മുതിര്‍ന്നത്. ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. നിലവില്‍ ഇ.സി.എം.ഒ മെഷീന്റെ സഹായത്തോടെയാണ് പകുതിയോളം രക്തം പമ്പുചെയ്യുന്നത്. ഇത് പതുക്കെ പൂര്‍ണമായും ഒഴിവാക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു. അവയവം വച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് ഡോക്ടര്‍മാരും മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി അധികൃതരും പറഞ്ഞു. ആരോഗ്യരംഗത്ത് ഏറെ നിര്‍ണായകമായ ശസ്ത്രക്രിയയാണ് നടന്നത്.

© 2022 Live Kerala News. All Rights Reserved.