വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടു;പാലക്കാട് വീട്ടില്‍ നിന്നും കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളില്‍ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി

പാലക്കാട് :പാലക്കാട് ഉമ്മിനിയില്‍ വീട്ടില്‍ നിന്നും കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളില്‍ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി. അമ്മപ്പുലിയെ പിടികൂടാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം പരാജയപ്പെട്ടു. പുലിക്കുഞ്ഞുങ്ങളെ കൂട്ടില്‍ വെച്ച് കൂട്ടിലേക്ക് പുലിയെ ആകര്‍ഷിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. എന്നാല്‍ അമ്മപ്പുലി കൂട്ടില്‍ നിന്നും തന്റെ കുഞ്ഞുങ്ങളിലൊന്നിനെ കൈകൊണ്ട് തട്ടി പുറത്തെക്കെടുത്ത് കടന്നു കളഞ്ഞു. പിന്നീട് വെളിച്ചവും ആള്‍ക്കാരുടെ ബഹളവും മൂലം രണ്ടാമത്തെ കുഞ്ഞിനെ കൊണ്ട് പോവാന്‍ പുലിക്കെത്താനായില്ല. ഇതേത്തുടര്‍ന്ന് രണ്ടാമത്തെ പുലിക്കുഞ്ഞിനെ ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റി. ഇന്ന് രാവിലെയോടെയാണ് അമ്മപ്പുലിയെത്തിയത്. ഇന്ന് രണ്ടാമത്തെ പുലിക്കുഞ്ഞുമായി നാളെയും ശ്രമം തുടരാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം. നേരത്തെ മൂന്ന് തവണയാണ് പുലി തന്റെ കുഞ്ഞുങ്ങള്‍ക്കായി സ്ഥലത്തെത്തിയത്. എന്നാല്‍ കൂട്ടില്‍ കയറാന്‍ തയ്യാറായിരുന്നില്ല,കാടു പിടിച്ച പ്രദേശങ്ങളിലേക്കോ അല്ലെങ്കില് ദൂരെ എവിടേക്കെങ്കിലോ അമ്മപ്പുലി കുഞ്ഞിനെ കൊണ്ടു പോയിട്ടുണ്ടാകാം എന്നാണ് സൂചന.പുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് അയക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. പാലക്കാട് ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം 2 പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങള്‍ക്ക് പതിനഞ്ച് ദിവസം പ്രായമുണ്ട്. പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയ മാധവന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീടും പറമ്പും 15 വര്‍ഷത്തോളമായി ആള്‍ത്താമസമില്ലാത്തതാണ്.ഉച്ചയ്ക്ക് നായ്ക്കള്‍ അസ്വാഭാവികമായി കുരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസി പൊന്നനാണ് വീട് പരിശോധിക്കാനെത്തിയത്.ജനല്‍പാളി വഴി നോക്കിയ പൊന്നന്‍,വീട്ടില്‍ നി്ന്ന് പുലി ഇറങ്ങിയോടുന്നത് കണ്ടതായി പറയുന്നു. ഭയന്ന ഇയാള്‍ തിരികെയെത്തി നാട്ടുകാരോട് വിവരംപറഞ്ഞു. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.