എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവും;കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല; മുഖ്യമന്ത്രി

ഇടുക്കി:ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. ധീരജിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം പൊലീസിനു നല്‍കിയിട്ടുണ്ട്. ധീരജിന്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു.തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് എസ്എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. അതേസമയം ധീരജിനെ കുത്തിക്കൊന്നത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി ആണെന്ന് ദൃക്സാക്ഷി പറഞ്ഞു. പരിക്കേറ്റ ധീരജിനെ ആശുപത്രിയില്‍ എത്തിച്ച പഞ്ചായത്ത് അംഗം സത്യന്‍ എന്ന ആളാണ് യൂത്ത് കോണ്‍ഗ്രസ് നേതാവാണ് കുത്തിയത് എന്ന് പറഞ്ഞിരിക്കുന്നത്.സംഭവത്തിന് പിന്നില്‍ കെഎസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് എസ്എഫ്‌ഐയും രംഗത്തെത്തിയിരുന്നു. കൊലപാതകം നടത്തിയത് കോളേജിന് പുറത്തുനിന്നെത്തിയവരാണെന്നും ആസൂത്രിതമായ കൊലപാതകമാണ് ഇതെന്ന് സിപിഎം നേതാക്കളും വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.