ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ട്; പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സാക്ഷിയായ ജിന്‍സനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അന്വേഷിക്കാനാണ് പള്‍സര്‍ സുനി ജിന്‍സനെ വിളിച്ചതെന്ന് സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നതായി വിവിധ മാധ്യമങ്ങള്‍ റി്പ്പോര്‍ട്ട് ചെയ്യുന്നു.സംവിധായകന്‍ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് സുനില്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ആലുവയിലെ ദിലീപിന്റെ വീട്ടില്‍വെച്ചും ഹോട്ടലില്‍ വെച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്ന് സുനില്‍ പറയുന്നുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടിരുന്നെന്നായിരുന്നു ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ബാലചന്ദ്ര കുമാര്‍ മാത്രമല്ല ഇനിയും ആളുകള്‍ പുറത്തുവരാനുണ്ടെന്നും ബാലചന്ദ്ര കുമര്‍ ഇവരുമായി എങ്ങന തെറ്റിയെന്നും പള്‍സര്‍ സുനി ചോദിക്കുന്നുണ്ട്.കേസുമായി ബന്ധപ്പെട്ട് പത്രത്തില്‍ വരുന്ന വിവരങ്ങള്‍ മാത്രമാണ് അറിയാന്‍ സാധിക്കുന്നതെന്ന് പള്‍സര്‍ സുനി പറയുന്നു. വിഷയം ഇപ്പോള്‍ വലിയ ചര്‍ച്ചയാണെന്നും പുനരന്വേഷണം നടക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്നാണ് ജിന്‍സന്റെ മറുപടി.ബാലചന്ദ്ര കുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും താനും കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും സുനി പറയുന്നുണ്ട്.അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.സംഭവത്തില്‍ ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവായ സൂരജും ഉണ്ടെന്നാണ് ബാലചന്ദ്ര കുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.ഇതിനെതിരെയാണ് ക്രൈംബ്രാഞ്ച് പുതിയ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മൂന്നുപേരെയും പ്രതി ചേര്‍ത്തുകൊണ്ടുള്ള എഫ്.ഐ.ആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിട്ടുണ്ട്.

© 2022 Live Kerala News. All Rights Reserved.