അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമം; ദിലീപും സഹോദരനും അടക്കം ആറ് പേര്‍ക്കെതിരെ പുതിയ ജാമ്യമില്ലാ കേസ്; വധഭീഷണി, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തി;ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിനെതിരെ പുതിയ കേസ്.അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ദിലീപ്, സഹോദരന്‍ അനൂപ് അടക്കം ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.സംഭവത്തില്‍ ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവായ സൂരജും ഉണ്ടെന്നാണ് ബാലചന്ദ്ര കുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.ഇതിനെതിരെയാണ് ക്രൈംബ്രാഞ്ച് പുതിയ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മൂന്നുപേരെയും പ്രതി ചേര്‍ത്തുകൊണ്ടുള്ള എഫ്.ഐ.ആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന് പറയുന്നതില്‍ കൃത്യമായ അന്വേഷണം വേണമെന്നും ഗുരുതമായ കുറ്റമാണിതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുക, ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങള്‍ നിലവില്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.ക്രെംബ്രാഞ്ച് എസ്.പി. സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. കേസില്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി ബുധനാഴ്ച രേഖപ്പെടുത്തും.അതേസമയം, ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

© 2022 Live Kerala News. All Rights Reserved.