പാക്ക് ടൂറിസ്റ്റ് കേന്ദ്രത്തില്‍ അതിശക്തമായ മഞ്ഞുവീഴ്ച്ച; 22 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പര്‍വത വിനോദസഞ്ചാര കേന്ദ്രമായ മുറീയിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ച്ചയില്‍ 22 പേര്‍ മരണപ്പെട്ടു. മഞ്ഞുവീഴ്ചയില്‍ പര്‍വതപാതയിലെ ഗതാഗതക്കുരുക്കില്‍ പെട്ട വാഹനങ്ങളിലെ സഞ്ചാരികള്‍ക്കാണു ദുരന്തം സംഭവിച്ചത്.കാറിനുള്ളില്‍ കുടുങ്ങിയ അഞ്ച് പേര്‍ തണത്തുറഞ്ഞാണ് മരണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി പര്‍വ്വത മേഖലകളില്‍ അതിശൈത്യം തുടരുകയാണ്.നൂറുകണക്കിന് വാഹനങ്ങളാണ് റോഡിലും പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങളിലും കുടുങ്ങി കിടക്കുന്നത്. സംഭവത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായാലെ കൃത്യമായ മരണനിരക്ക് സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കൂ. മരണപ്പെട്ടവരില്‍ പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും ആറ് മക്കളും ഉള്‍പ്പെട്ടതായിട്ടാണ് വിവരം. മഞ്ഞു വീഴ്ച്ച കാരണം വിനോദ സഞ്ചാര മേഖലകളിലൊന്നായി മാറിയ പ്രദേശമാണ് മുറേ. നിരവധി സഞ്ചാരികളാണ് എല്ലാ വര്‍ഷവും മഞ്ഞു വീഴ്ച്ച ആസ്വദിക്കാനായി ഇവിടെയെത്തുന്നത്. ഇത്തവണ സമാന രീതിയില്‍ നൂറു കണക്കിന് സഞ്ചാരികള്‍ പ്രദേശത്ത് എത്തിച്ചേര്‍ന്നിരുന്നു.അപ്രതീക്ഷിതമായി ഒട്ടനവധി വിനോദ സഞ്ചാരികള്‍ എത്തിയതോടെ മുറേ നഗരത്തിലും തൊട്ടടുത്ത നഗരത്തിലും വലിയ ഗതാഗതക്കുരുക്കിനു കാരണമായിയിരുന്നു. ഇസ്ലാമാബാദില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെ പാക്ക് പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടി ജില്ലയിലാണ് മുറീ. ഗതാഗത തടസ്സം നീക്കാനും രക്ഷാപ്രവര്‍ത്തനത്തിനു സൈന്യം രംഗത്തിറങ്ങി.മഞ്ഞുവീഴ്ച കാണാനായി സഞ്ചാരികള്‍ അമിതമായി പ്രവഹിച്ചതാണു പ്രതിസന്ധിക്കു കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.