പിടിയിലായ തീവ്രവാദി പാകിസ്ഥാൻ പൗരനല്ലെന്ന് പാക് അധികൃതർ

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉധംപൂരിൽ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ തീവ്രവാദി മുഹമ്മദ് നവേദ് തങ്ങളുടെ റെക്കോർഡുകൾ പ്രകാരം പാകിസ്ഥാനിലെ പൗരനല്ലെന്ന് പാക് അധികൃതർ അറിയിച്ചു. പാകിസ്ഥാനിലെ നാഷണൽ ഡാറ്റാബേസ് ആന്റ് രജിസ്ട്രേഷൻ അതോറിറ്റി (എൻ.എ.ഡി.ആർ.എ) അധികൃതരാണ് ഇക്കാര്യം അറിയിച്ചതെന്ന് പാകിസ്ഥാനിലെ വാർത്താ വെബ്സൈറ്റായ ദുനിയാ ന്യൂസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ പുറത്തുവിട്ട തീവ്രവാദിയുടെ ഫോട്ടോയ്ക്ക് ഒരു പാകിസ്ഥാൻ പൗരനുമായും സാമ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

പാകിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയായ മുഹമ്മദ് നവേദ് എന്ന ഉസ്മാൻ ഖാൻ മറ്റ് നാല് എൽ.ഇ.ടി തീവ്രവാദികളോടൊപ്പമാണ് ഇന്ത്യയിലെത്തിയത്. അതിന് ശേഷം ഇവർ രണ്ട് സംഘങ്ങളായി തിരിഞ്ഞു. ഇതിൽ മൂന്ന് തീവ്രവാദികൾ ചേർന്ന് പഞ്ചാബിലെ ഗുരുദാസ്പൂർ ഗ്രാമത്തിലെ ദിനാനഗറിൽ ആക്രമണം നടത്തി. നവേദ് ഉൾപ്പടെയുള്ള രണ്ടു പേർ മറ്റൊരു പ്രദേശത്തിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി.

ഇതനുസരിച്ച് ബുധനാഴ്ച രാവിലെ നവേദും കൂട്ടാളിയും ബി.എസ്.എഫിന്റെ വാഹനത്തിന് നേരെ ആക്രമിക്കുകയായിരുന്നു. രണ്ട് സൈനികരും ഒരു തീവ്രവാദിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. എട്ട് ജവാന്മാർക്ക് പരിക്കേറ്റു. അവിടെ നിന്നും കാട്ടിനുള്ളിലേക്ക് രക്ഷപെട്ട നവേദ് മൂന്ന് ഗ്രാമവാസികളെ ബന്ദികളാക്കി. എന്നാൽ ബന്ദികളുടെ സമയോജിതമായ ഇടപെടലിനെ തുടർന്ന് നവേദിനെ അവർ കീഴ്പ്പെടുത്തുകയും സുരക്ഷാ സേനയ്ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.

പാകിസ്ഥാനിലെ എല്ലാ പൗരന്മാർക്കും കന്പ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡ് (സി.എൻ.ഐ.സി) ലഭ്യമാക്കി അവരുടെ പൗരത്വം രജിസ്റ്റർ ചെയ്യുന്നു എന്ന് ഉറപ്പിക്കുന്ന സംഘടനയാണ് എൻ.എ.ഡി.ആർ.എ

© 2024 Live Kerala News. All Rights Reserved.