അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി; ആദ്യ ഘട്ടം ഫെബ്രുവരി 10ന്;ഫലപ്രഖ്യാപനം മാർച്ച് 10ന്

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ്,ഗോവ, പഞ്ചാബ്, മണിപ്പൂര്‍,ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തും.യു.പിയില്‍ ഫെബ്രുവരി 10 നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്.രണ്ടാംഘട്ടം ഫെബ്രുവരി പതിനാലിനും മൂന്നാംഘട്ടം ഫെബ്രുവരി 20നും നാലാംഘട്ടം ഫെബ്രുവരി 23നും നടക്കും. ഫെബ്രുവരി 27നും ആറാംഘട്ടം മാര്‍ച്ച് മൂന്നിനും ഏഴാംഘട്ടം മാര്‍ച്ച് ഏഴിനും നടക്കും. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍.പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14 ന് ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. മണിപ്പൂരില്‍ ഫെബ്രുവരി 27 നും മാര്‍ച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.ജനുവരി 15 വരെ റാലികള്‍ക്കും പദയാത്രയ്ക്കും അനുമതിയില്ല. റോഡ് ഷോക്കും അനുമതിയില്ല. പ്രചാരണം പരമാവധി ഡിജിറ്റലാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു.അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.വീട് കയറിയുള്ള പ്രചരണത്തിന് 5 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 2 ഡോസ് വാക്സിന്‍ നിര്‍ബന്ധമാണെന്നും കൊവിഡ് ബാധിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 80 വയസ് കഴിഞ്ഞവര്‍ക്കും തപാല്‍ വോട്ട് ചെയ്യാമെന്നും കമ്മീഷന്‍ അറിയിച്ചു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.ഉത്തര്‍പ്രദേശില്‍ 403 മണ്ഡലങ്ങളും, പഞ്ചാബില്‍ 117 മണ്ഡലങ്ങളും, ഉത്തരാഖണ്ഡില്‍ 70 മണ്ഡലങ്ങളും, മണിപ്പൂരില്‍ 60 മണ്ഡലങ്ങളും, ഗോവയില്‍ 40 മണ്ഡലങ്ങളുമാണ് വിധിയെഴുതുക. അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 18.34 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.24.9ലക്ഷമാണ് പുതിയ വോട്ടര്‍മാരുടെ എണ്ണം. ഇതില്‍ 11.4 ശതമാനം സ്ത്രീകളാണ്.പോളിങ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനം വര്‍ധിപ്പിക്കും. 15368 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഒരു ബൂത്തില്‍ പരമാവധി 1250 വോട്ടര്‍മാര്‍ മാത്രമാകും.

© 2022 Live Kerala News. All Rights Reserved.