വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്;5 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരെഞ്ഞെടുപ്പ്; തീയതി വൈകിട്ട് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്.അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തീയതികള്‍ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും. ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നത്. വൈകീട്ട് 3.30 ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണും.കൊവിഡ് , ഒമിക്രോണ്‍
വ്യാപനം ശക്തമാവുകയും കൊവിഡ് മൂന്നാം തരംഗത്തില്‍ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിടുകയും ചെയ്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടിവച്ചേക്കുമെന്ന് അഭ്യൂഹം ഉണ്ടായെങ്കിലും സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോവുകയാണ്.തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് അധികാരത്തില്‍.ഉത്തര്‍പ്രദേശിലെ 403 സീറ്റുകളിലേക്കും പഞ്ചാബിലെ 117 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയാണ് യുപിയില്‍ ഭരണകക്ഷിയായ ബിജെപിയുടെ പ്രചാരണം നയിക്കുന്നത്. ബിജെപിക്കൊപ്പം തന്നെ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ എസ്.പിയും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും രംഗത്തുണ്ട്. രാജ്യത്തെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ശക്തിപകരുന്ന തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. യുപിക്കും പഞ്ചാബിനും പുറമെ ഉത്തരാഖണ്ഡിലും ഇതനുസരിച്ചുള്ള നീക്കങ്ങളാണ് നടക്കുന്നത്..ഗോവയിലേക്ക് വരുമ്പോള്‍ ബിജെപിയെ അടിയറവ് പറയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും എഎപിയും എത്തുന്നു എന്ന നിലയിലും നിയമ സഭാ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നുണ്ട്.തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

© 2022 Live Kerala News. All Rights Reserved.