ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചു; തലസ്ഥാനത്ത് നേരിട്ടെത്തി, ഫോണ്‍ വിളിച്ചു;ശബ്ദസന്ദേശവും വാട്സ് ആപ്പ് ചാറ്റും പുറത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ നടന്‍ ദിലീപ് ശ്രമിച്ചതായി തെളിവുകള്‍ പുറത്ത്.ബാലചന്ദ്രകുമാറിനെ കാണാനായി തിരുവനന്തപുരത്ത് നേരിട്ടെത്തി. ദിലീപ് അദ്ദേഹത്തിന് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളാണ് പുറത്തായത്.ബാലു, ബാലു അയക്കുന്ന മെസ്സേജ് ഒന്നും സേഫല്ല എന്റെ വാട്സ്ആപ്പ് ആളുകള്‍ ഹാക്ക് ചെയ്യുന്നുണ്ട്. ഇതിലെ മെസ്സേജുകള്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ പലതവണ വിളിക്കുന്നത്, എന്ന് ദിലീപ് പറയുന്നതിന്റെ വാട്സ് ആപ്പ് ദൃശ്യങ്ങളാണ് പുറത്തുവന്നത്.തന്നെ സ്വാധീനിക്കാന്‍ വേണ്ടിയായിരുന്നു ദിലീപ് തലസ്ഥാനത്തെത്തി രണ്ട് ദിവസം തങ്ങിയതെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.തുടര്‍ച്ചയായി ദിലീപ് തന്നെ ഫോണ്‍ ചെയ്തിരുന്നെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.ബാലചന്ദ്രകുമാര്‍ ദിലീപിനെ തുടര്‍ച്ചയായി വിളിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. താന് തിരുവനന്തപുരത്തുണ്ടെന്നും തനിക്ക് മെസ്സേജ് അയക്കാന്‍ സാധിക്കില്ലെന്നും വാട്സ്ആപ്പില്‍ ദിലീപ് പറയുന്നുണ്ട്.2021 ഏപ്രില്‍ 10, 11 ദിവസങ്ങളിലാണ് ദിലീപ് ബാലചന്ദ്രകുമാറിനെ ഹോട്ടല്‍ മുറിയില്‍ കാത്തിരുന്നത്. എന്നാല്‍ ദിലീപുള്ള ഹോട്ടലിലേക്ക് താന്‍ എത്തിയാല്‍ ദിലീപിനൊപ്പമുള്ള സംഘം തന്നെ അപായപ്പെടുത്തുമെന്ന ഭയമാണ് കൂടിക്കാഴ്ചയില്‍ താന്‍ പിന്മാറാന്‍ കാരണമായതെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.അതേസമയം നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന്റേയും നടന്‍ സിദ്ദിഖിന്റെ പങ്കും വെളിപ്പെടുത്തുന്ന പള്‍സര്‍ സുനിയുടെ കത്തും പുറത്തുവന്നിട്ടുണ്ട്. ദിലീപ് ഗൂഢാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നതായി പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തില്‍ പറയുന്നുണ്ട്.2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പള്‍സര്‍ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു.

© 2022 Live Kerala News. All Rights Reserved.