രാജ്യം അതീവ ജാഗ്രതയില്‍; നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി, കര്‍ണാടക

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്, ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനങ്ങളിലെ ചികിത്സാ സൗകര്യവും, ഓക്സിജന്‍ ലഭ്യതയും ആരോഗ്യ സെക്രട്ടറി വിലയിരുത്തി.കഴിഞ്ഞ 24 മണിക്കൂരിനിടെ 1,41,986 പുതിയ കേസുകള്‍ ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 3,071 ഒമിക്രോണ്‍ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് മുകളിലാണ്.മുംബൈയില്‍ മാത്രം പ്രതിദിന കോവിഡ് ബാധിതര്‍ 20,000 പിന്നിട്ടു. ഡല്‍ഹിയിലും ബംഗാളിലും ഗുരുതരമായ സാഹചര്യമാണ്.17,335 പേര്‍ക്കാണ് ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്.17.73% ആണ് പോസിറ്റിവിറ്റി നിരക്ക്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യൂ ഇന്ന് തുടങ്ങും. ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ജമ്മുകശ്മീരിലും കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രാബല്യത്തില്‍.ഇന്നലെ രാത്രി 10 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 വരെയാണ് സെമിലോക്ഡൗണിന് സമാനമായ വാരാന്ത്യ കര്‍ഫ്യൂ. പൊതു ഇടങ്ങളെല്ലാം അടച്ചിടും. അന്തര്‍ സംസ്ഥാന വാഹന ഗതാഗതത്തെ കര്‍ഫ്യൂ ബാധിക്കില്ല.കേരളത്തില്‍ പ്രതിദിന കേസുകള്‍ അയ്യായിരം കടന്നു. ഇന്നലത്തെ ടിപി ആര്‍ 8.2 ആണ്. തിരുവന്തപുരത്തും എറണാകുളത്തും പ്രതിദിന കേസുകള്‍ ആയിരം കടന്നു. ഈ സാഹചര്യത്തില്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കുകയാണ്. എട്ടാം ദിവസം പരിശോധന നടത്തി വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തില്‍ കഴിയണം. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ എയര്‍പോര്‍ട്ടിലെ റാന്‍ഡം പരിശോധന 2 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തി. ടിപിആര്‍ പത്തിലെത്തിയാല്‍ ഇത് ഒമിക്രോണ്‍ തരംഗമായി കണക്കാക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.കേസുകള്‍ ഇനിയും കൂടാന്‍ സാധ്യതയുള്ളതിനാല്‍ ഒമിക്രോണ്‍ സാഹചര്യം നേരിടാന്‍ ജില്ലകള്‍ സജ്ജമായിരിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അതേ സമയം രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരുടെ പട്ടിക കേന്ദ്രം ഇന്ന് പ്രസിദ്ധീകരിക്കും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച മുന്‍ഗണനാ വിഭാഗത്തിലുള്ള ആളുകള്‍ക്ക് രജിസ്ട്രേഷന്‍ കൂടാതെ വാക്സിന്‍ കേന്ദ്രത്തില്‍ എത്തി വാക്സിന്‍ സ്വീകരിക്കാം.തിങ്കളാഴ്ച മുതലാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇതിനായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഇന്ന് നിലവില്‍ വരും.

© 2024 Live Kerala News. All Rights Reserved.