ആക്രമിച്ചത് ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ്;ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി

കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തക ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി. ബിന്ദുവിനെ ഇന്നലെ മര്‍ദിച്ചത് കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ മോഹന്‍ദാസ്.സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യും. മദ്യലഹരിയിലായിരുന്നു അക്രമമെന്നാണ് പൊലീസ് വാദം. ആക്രമണത്തില്‍ പ്രതിക്കും പരിക്ക് പറ്റിയെന്ന് പൊലീസ് അറിയിച്ചു.ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.ബിന്ദുവിന്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. ഐപിസി 323,509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.അതേസമയം തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. മദ്യപിച്ചയാള്‍ വെറുതെ നടത്തിയ ആക്രമണമല്ല. പിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ട്. തന്നെ എവിടെക്കണ്ടാലും ആക്രമിക്കുകയെന്നത് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ബീച്ചില്‍ വെച്ച് തന്നെ ആക്രമിച്ചയാള്‍ ആര്‍എസ്എസുകാരനാണെന്നാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബിന്ദു അമ്മിണി പറഞ്ഞു. പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഇവര്‍ പറയുന്നു.ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. ശബരിമല സംഭവത്തിന് ശേഷം കനക ദുര്‍ഗയ്‌ക്കൊപ്പം ബിന്ദു അമ്മിണിക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.