ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,379 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1,71,830 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 124 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,82,017 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,007 പേരാണ് രോഗമുക്തി നേടിയത്. 98.13 ശതമാനമാണ് രോഗമുക്തി നിരക്ക്.അതേസമയം രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണത്തിലും വര്‍ദ്ധന . രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 1,892 ഒമൈക്രോണ്‍ കേസുകളാണ് കണ്ടെത്തിയത്. ഇതുവരെ 766 പേര്‍ രോഗമുക്തി നേടി.മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം കൂടുകയാണ്. 568 ഒമൈക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. ഡല്‍ഹി 382, കേരളം 185, രാജസ്ഥാന്‍ 174, ഗുജറാത്ത് 152, തമിഴ്നാട് 121 എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കോവിഡ് ടാസ്‌ക് ഫോഴ്സ് തലവന്‍ ഡോ. എന്‍.കെ. അറോറ മുന്നറിയിപ്പ് നല്‍കി. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി.