മന്നം ജയന്തി ദിനം പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി;സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ്

തിരുവനന്തപുരം: മന്നം ജയന്തി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് എന്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. എന്‍എസ്എസിനെ അവഗണിക്കുന്നവര്‍ മന്നത്തെ നവോത്ഥാന നായകരാക്കി ചിത്രം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്‍എസ്എസിനോടുളള സമീപനം സര്‍ക്കാര്‍ തിരുത്തുന്നില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം അവര്‍ അനുഭവിക്കേണ്ടി വരുമെന്നും 145-ാമത് മന്നം ജയന്തിയില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സുകുമാരന്‍ നായര്‍ പറഞ്ഞു.മന്നം ജയന്തി ദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍ കൂടി കൊണ്ടുവരണമെന്ന ആവശ്യമാണ് ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിച്ചത്. എന്നാല്‍ പൊതു അവധി പ്രഖ്യാപിക്കാതെ സംസ്ഥാന സര്‍ക്കാര്‍ എന്‍എസ്എസിനോട് വിവേചനം കാണിക്കുകയാണ്. നിലവില്‍ ജയന്തിയുമായി ബന്ധപ്പെട്ട് നിയന്ത്രിത അവധി മാത്രമാണുളളത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് മന്നത്തിന്റെ ജന്മദിനമായ ജനുവരി 2 പൊതു അവധിയായി പ്രഖ്യാപിച്ചത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് പ്രകാരം പൊതു അവധി പ്രഖ്യാപിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറയുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.