പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം ;വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം; മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്ന് ചുമരെഴുത്ത്

കോട്ടയം: പുതുവത്സരത്തലേന്ന് കുമരകത്ത് ആളില്ലാതിരുന്ന പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം. കുമരകം ചെപ്പന്നൂര്‍ക്കരിയിലെ പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്.വീടിന്റെ ജനല്‍ച്ചില്ലുകളും കതകും അടിച്ചുതകര്‍ക്കുകയും തിണ്ണയില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തിട്ടുണ്ട്. പുറത്തുണ്ടായിരുന്ന ശുചിമുറി അടിച്ചു തകര്‍ത്തു. ആക്രമണത്തിന് ശേഷം വീടിന്റെ ചുമരില്‍ മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്നും എഴുതിയിട്ടുണ്ട്. വെച്ചൂരിലാണു ഷാജി കുടുംബസമേതം താമസിക്കുന്നത്. ആക്രമണം നടന്ന വീട് അടച്ചിട്ടിരിക്കുകയായിരുന്നു.നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ഷാജി വിവരമറിയുന്നത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായിട്ടാണ് ഷാജി പറയുന്നത്. പുതുവര്‍ഷത്തലേന്ന് ഈ ഭാഗത്ത് പട്രോളിങ് നടത്തിയപ്പോള്‍ സംശയകരമായി കണ്ട ബൈക്കുകളുടെ നമ്പര്‍ കുറിച്ചെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.ടൊവിനോ തോമസ് നായകനായ ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മിന്നല്‍ മുരളി തന്റെ സൂപ്പര്‍ പവര്‍ ഉപയോഗിച്ച് ചെയ്ത കാര്യങ്ങള്‍ക്ക് മിന്നല്‍ മുരളി എന്ന് എഴുതി വെയ്ക്കാറുണ്ട്.

© 2023 Live Kerala News. All Rights Reserved.