നടന്‍ ജി.കെ പിള്ള അന്തരിച്ചു; മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു; പ്രശസ്തനായത് വില്ലന്‍ വേഷത്തിലൂടെ

തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ ജി.കെ പിള്ള (97) അന്തരിച്ചു. ഏതാണ്ട് 325ല്‍ അധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. നിരവധി പ്രശസ്ത സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.1954 ൽ സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്.സ്നാപക യോഹന്നാന്‍, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ്, നായരു പിടിച്ച പുലിവാല്‍, കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി ജനനം. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളില്‍ വിദ്യാഭ്യാസം. നാട്ടിലെ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം ജി.കെ പിള്ളയെന്ന പതിനാലുകാരന്‍ ജാഥയിലും മറ്റും പങ്കെടുത്തിരുന്നത് മാതാപിതാക്കളെ ഏറെ വിഷമിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ പിള്ള ഒരു രാത്രിയില്‍ നാടുവിട്ടു. ചുറ്റിത്തിരിഞ്ഞു ചാക്കയിലെ സൈനിക റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ എത്തിയ ഇദ്ദേഹത്തിന് യോഗ്യതാ പരിശോധന കടന്നു കൂടാനായി. മദ്രാസ് റെജിമെന്റിലെ പാളയംകോട്ടയില്‍ ആയിരുന്നു ആദ്യ നിയമനം.പിന്നീട് അവിടെ നിന്നും കോയമ്പത്തൂരിലെ മധുക്കരയിലേക്ക്. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് സിംഗപ്പൂര്‍, ബര്‍മ്മ, സുമാത്ര എന്നീ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിക്കേണ്ടി വന്നു. ഇന്ത്യയില്‍ തിരികെയെത്തിയ ശേഷവും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സേവനം തുടര്‍ന്ന്. ഇന്തോ-പാക് യുദ്ധത്തിലും പങ്കെടുത്തു. ഒടുവില്‍ മദ്രാസ് റെജിമെന്റിന്റെ ഊട്ടി വില്ലിംഗ്ടണിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് പോസ്റ്റുചെയ്തു.ഇവിടുത്തെ സൈനിക ക്യാമ്പില്‍ നടന്ന നാടകം കളിയില്‍ ജി.കെയുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റി. സഹപ്രവര്‍ത്തകരുടെ പ്രശംസകളും പ്രോത്സാഹനങ്ങളും ജി.കെ പിള്ളയുടെ അഭിനയഭ്രമം വര്‍ദ്ധിപ്പിച്ചു. 15 വര്‍ഷം പട്ടാളത്തില്‍ സേവനം നടത്തിയാല്‍ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് തന്റെ സൈനികജീവിതത്തിന്റെ 13-ആം വര്‍ഷം അഭിനയമോഹവുമായി നാട്ടിലേക്ക് മടങ്ങി.ഭാര്യ പരേതയായ ഉല്പലാക്ഷിയമ്മ കെ. പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍. നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനന്‍, പ്രിയദര്‍ശന്‍ എന്നിവരാണ് മക്കള്‍.

© 2024 Live Kerala News. All Rights Reserved.