ഭീതി പടര്‍ത്തി കോവിഡ്; രാജ്യത്ത് 13,154 പുതിയ കോവിഡ് കേസുകള്‍; 268 മരണം; 961 ഒമിക്രോണ്‍ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 24 മണിക്കൂറില്‍ 13,154 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസത്തിലാണ് കേസുകളില്‍ 45 ശതമാനം ഉയര്‍ച്ച ഉണ്ടായത്.268 മരണങ്ങളും സ്ഥിരീകരിച്ചു. 82,402 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,48,22,040 ആയി. ആകെ മരണസംഖ്യ 4,80,860 ആണ്. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 961 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗബാധിതരുള്ളത്.മുംബൈ കല്‍ക്കത്ത ബെഗ്ലുരു, ഡല്‍ഹി പ്രദേശങ്ങളിലാണ് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം 9155 ആയിരുന്നു രാജ്യത്തെ പ്രതിദിന കേസുകള്‍. അതിന് മുമ്പ് ആറായിരത്തോളം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിന്നാണ് പതിമൂന്നായിരത്തിലേക്ക് കേസുകളെത്തിയത്. കൊവിഡ് മൂന്നാം തരംഗ ജാഗ്രത മുന്നറിയിപ്പ് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് കേസുകളിലെ വന്‍ വര്‍ധന. രാജ്യത്ത് കൊവിഡിനൊപ്പം ഒമിക്രോണ്‍ ബാധിതരുടേയും എണ്ണം കുതിച്ചുയരുകയാണ്. 961 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചത്.ഏറ്റവുമധികം രോഗബാധിതര്‍ ഡല്‍ഹിയിലാണ്. 263 ഒമിക്രോണ്‍ കേസുകളാണ് ഡല്‍ഹിയിലുള്ളത്.രണ്ടാമത് മഹാരാഷ്ട്രയാണ്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം.

© 2024 Live Kerala News. All Rights Reserved.