ചന്ദ്രബോസ് വധം: നിഷാമിനെ വഴിവിട്ട് സഹായിച്ച അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍:ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വഴിവിട്ട് സഹായം ചെയ്ത അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എആര്‍ ക്യാംപ് എസ്.ഐ അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. കണ്ണൂര്‍ ഡിഐജിയാണ് നടപടിയെടുത്തത്.

പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും നിഷാമിന് വഴിവിട്ട സഹായം ചെയ്ത അഞ്ച് പൊലീസുകാരെ സസ്‌പെന്‍സ് ചെയ്യാനും നിര്‍ദേശിച്ചിരുന്നു. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. കണ്ണൂര്‍ എആര്‍ ക്യാംപിലെ എസ്‌ഐ അടക്കം അഞ്ചു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കമ്മിഷണര്‍ ഡിജിപിക്ക് കൈമാറിയിരുന്നു. ബന്ധുക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ നിഷാമിന് അവസരമൊരുക്കിയത് ചട്ടലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോട്ടലില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടിക്കാഴ്ച നടത്താന്‍ നിഷാമിന് പൊലീസ് അവസരം ഒരുക്കിയതായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പരാതി നല്‍കിയിരുന്നു. വിചാരണ വേളയില്‍ കോടതി അനുമതിയോടെ മാത്രമേ കൂടിക്കാഴ്ച നടത്താവൂവെന്ന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിജിപി സെന്‍കുമാര്‍ തൃശൂര്‍ കമ്മിഷ്ണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.

കേസിന്റെ വിചാരണയ്ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നിഷാമിനെ തൃശൂര്‍ ജില്ലാ കോടതിയില്‍ എത്തിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് കോടതി ഉച്ചയ്ക്ക് രണ്ടുമണിയിലേക്ക് മാറ്റിയതോടെയാണ് പൊലീസുകാര്‍ നിഷാമിനെ തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ എത്തിച്ചത്. അവിടെവച്ച് പൊലീസും നിഷാമിന്റെ അഭിഭാഷകരും ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. കണ്ണൂരില്‍ നിന്നെത്തിയ എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാരും നിഷാമിനൊപ്പമുണ്ടായിരുന്നതായും ഭക്ഷണം കഴിച്ചതായും പരാതിയില്‍ പറയുന്നു.

നിഷാമിന് പൊലീസ് വഴിവിട്ട സഹായം നല്‍കുന്നതായി നേരത്തെയും ആക്ഷേപമുയര്‍ന്നിരുന്നു. കുന്നംകുളം കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ നിഷാമിന്റെ ആവശ്യപ്രകാരം കൈവിലങ്ങുകള്‍ മറയ്ക്കാന്‍ പ്‌ളാസ്റ്റിക് കവറുകള്‍ നല്‍കിയെന്നായിരുന്നു ആരോപണം.

© 2024 Live Kerala News. All Rights Reserved.