രണ്ടു മണിക്കൂർ സൗജന്യ വിളി; ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

കൊച്ചി: റോമിങിൽ രണ്ടു മണിക്കൂർ സൗജന്യ വിളിയൊരുക്കി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ. എസ്ടിവി 93 പ്ലാൻ ഒരു മാസത്തേക്കു 120 മിനിറ്റ് സൗജന്യമായി ഏതു നെറ്റ്‌വർക്കിലേക്കും വിളിക്കാൻ അവസരമൊരുക്കുന്നു. 40 എസ്എംഎസുകളും ഈ ഓഫറിൽ സൗജന്യമാണ്. ആദ്യമായാണു റോമിങിൽ പുറത്തേക്കുള്ള കോൾ പൂർണമായും സൗജന്യമാക്കുന്ന ഓഫർ അവതരിപ്പിക്കുന്നത്.

രാജ്യത്തൊട്ടാകെ ഇൻകമിങ് റോമിങ് കോളുകൾ സൗജന്യമാക്കിയതിനു പിന്നാലെയാണു റോമിങിൽ ഔട്ട്ഗോയിങ് കോളുകളും സൗജന്യമാക്കുന്ന ഓഫർ ബിഎസ്എൻഎൽ പുറത്തിറക്കുന്നത്. റോമിങിൽ മാത്രം ഉപയോഗിക്കാനാകുന്ന ഈ ഓഫർ സ്ഥിരമായി യാത്ര ചെയ്യുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണു ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസം വാലിഡിറ്റി നൽകുന്നുണ്ടെങ്കിലും ചെറിയ സന്ദർശനത്തിനായി സംസ്ഥാനം വിട്ടു പോകുന്നവർക്കാണ് ഈ ഓഫർ കൂടുതൽ ഉപയോഗപ്പെടുന്നത്. STV ROAM93 ഫോർമാറ്റിൽ 123 എന്ന നമ്പറിലേക്ക് മെസേജ് അയച്ചും ഈ ഓഫർ ആക്ടിവേറ്റ് ചെയ്യാം.

റോമിങ് ഇൻകമിങ് നിരക്കുകൾ സൗജന്യമാക്കുകയും ദേശിയ തലത്തിൽ മൊബൈൽ നമ്പർ പോര്‍ട്ടബിലിറ്റി അവതരിപ്പിക്കുകയും ചെയ്തതോടെ മറ്റു നെറ്റ്‌വർക്കുകളിൽ നിന്നു ബിഎസ്എൻഎല്ലിലേക്ക് എത്തുന്ന ഉപയോക്താക്കളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ഇതിന്റെ ചുവടു പിടിച്ചാണു റോമിങിൽ കൂടുതൽ ഓഫറുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.