പി.എസ്.സിയില്‍ സാമ്പത്തിക ക്രമക്കേടില്ല; അന്വേഷണത്തിന് ഉത്തരവില്ല

 

തിരുവനന്തപുരം: പി.എസ്.സിയില്‍ സാമ്പത്തിക ക്രമക്കേടുകളൊന്നുമില്ലെന്നും ഓഡിറ്റ് നടത്തിയ അക്കൗണ്ടന്റ് ജനറിലിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണെന്നും പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍. പി.എസ്.സിയില്‍ പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി ഉത്തരവ് നല്‍കിയിട്ടില്ല. ചില ആരോപണങ്ങള്‍ വന്നപ്പോള്‍ അന്വേഷിക്കാന്‍ മാത്രമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കമ്മിഷന്റെ സാമ്പത്തിക വിനിയോഗത്തെപ്പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടുവെന്ന റിപ്പോര്‍ട്ട് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.

അല്ലറ ചില്ലറെ ചെലവുകളെന്ന പേരില്‍ പി.എസ്.എസി വന്‍ ചെലവു നടത്തുന്നു എന്നാണ് ആക്ഷേപം. എന്നാല്‍ ഓഡിറ്റില്‍ ഇതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. പി.എസ്.സി ഒരു ജോലിയും സ്വന്തമായി ചെയ്യുന്നില്ല. എല്ലാ ജോലികളും ഏല്‍പ്പിച്ചിരിക്കുന്നത് പി.ഡബ്ലു.ഡിയെയാണ്. പി.എസ്.സി അതിന്റെ തുക മുന്‍കൂറായി നല്‍കുക മാത്രമാണ് ചെയ്യുന്നത്. ഇതെല്ലാം വെച്ചുകൊണ്ടാണ് ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തുന്നുവെന്ന് ആരോപിക്കുന്നത്. ഡോ.കെ.എസ് രാധാകൃഷ്ണന്‍ വ്യക്തമാക്കി.

സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ധനകാര്യ പരിശോധനാവിഭാഗം ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പി.എസ്.സി. തിരിച്ചയച്ചിരുന്നു. അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനകള്‍ മാത്രമേ പി.എസ്.സി.യില്‍ അനുവദിക്കാനാകൂ എന്നാണ് പി.എസ്.സിയ.ുടെ നിലപാട്.

പി.എസ്.സി.യുടെ ബില്ലുകള്‍ ധനകാര്യവകുപ്പിന്റെ സൂക്ഷ്മപരിശോധനയ്ക്കുശേഷം പണം കൈമാറിയാല്‍ മതിയെന്ന് ട്രഷറികള്‍ക്ക് ധനകാര്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.പരീക്ഷകള്‍ക്കും മറ്റ് അത്യാവശ്യ ചെലവുകള്‍ക്കുമായി സര്‍ക്കാര്‍ അനുവദിച്ച പണം ധനവകുപ്പിനെ കബളിപ്പിച്ച് മാറിയെടുത്തെന്നാരോപിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അനുവദിച്ച പണം മുഴുവന്‍ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യനാലുമാസത്തിനുള്ളില്‍ പി.എസ്.സി. ചെലവഴിച്ചുതീര്‍ത്തതാണ് ഇപ്പോഴത്തെ തര്‍ക്കത്തിനാധാരം. പി.എസ്.സി. ആവശ്യപ്പെട്ട 263 കോടി രൂപയില്‍ 133 കോടിയാണ് സര്‍ക്കാര്‍ ഈവര്‍ഷമനുവദിച്ചത്. ഇതത്രയും ചെലവായിപ്പോയതിനുപിന്നില്‍ സാമ്പത്തികക്രമക്കേടാണ് സര്‍ക്കാര്‍ സംശയിക്കുന്നത്. പി.എസ്.സി.യുടെ സാമ്പത്തിക അച്ചടക്കമാണ് ചോദ്യംചെയ്യപ്പെട്ടത്. എന്നാല്‍, പരീക്ഷകളുടെയും പരീക്ഷാര്‍ഥികളുടെയും എണ്ണംകൂടിയതാണ് ഈ പ്രതിസന്ധിക്കു കാരണമെന്നാണ് പി.എസ്.സി. പറയുന്നത്. ഈവാദം സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. അതിനാല്‍ ശമ്പളത്തിനും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കും വേണ്ട പണംമാത്രം ഇനി പി.എസ്.സി.ക്കനുവദിച്ചാല്‍ മതിയെന്നാണ് സര്‍ക്കാറിന്റെ തീരുമാനം.

© 2024 Live Kerala News. All Rights Reserved.