വിവാദമായ ഭൂമിപതിച്ചു നല്‍കല്‍ ചട്ടഭേദഗതി ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയും ധനമന്ത്രിയും

 

തിരുവനന്തപുരം: സംസ്ഥാനത്ത് 2005 വരെ കൈവശത്തിലിരിക്കുന്ന ഭൂമിക്ക് പട്ടയം നല്‍കാനുള്ള വിവാദ ഭേദഗതി ആവശ്യപ്പെട്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെ.എം.മാണിയും. ഇടുക്കിയിലെ പട്ടയപ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടിയായിരുന്നു നിര്‍ദേശം. ഭൂമിയുടെ പരിധി നാല് ഏക്കറാക്കണമെന്നും കൈമാറ്റ കാലാവധിയില്‍ ഇളവുവേണമെന്നുമായിരുന്നു ആവശ്യം.

മുഖ്യമന്ത്രി ആവശ്യപ്പെട്ടത് 2011ലെ ഇടുക്കി പട്ടയപ്രശ്‌നം പരിഹരിക്കാനുള്ള യോഗത്തിലാണ്. മാണി പ്രശ്‌നം ഉന്നയിച്ചത് 2013ല്‍ പെരിഞ്ചാംകുട്ടി ഭൂമിപ്രശ്‌നം ചര്‍ച്ച ചെയ്ത യോഗത്തിലുമാണ്. നാലേക്കര്‍ വരെയുള്ള സ്ഥലത്ത് പട്ടയം നല്‍കണമെന്നും 25 വര്‍ഷത്തിന് ശേഷം മാത്രമേ, ഭൂമി കൈമാറാവു എന്ന നിബന്ധന നീക്കണമെന്നും മാണി ആവശ്യപ്പെട്ടു.

ഭേദഗതി വിവാദമായതോടെ അത് പിന്‍വലിക്കുന്നതായി റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കൈവശഭൂമി കര്‍ഷകര്‍ക്കു ലഭിക്കുന്നതിനു വേണ്ടിയാണു പുതിയ ഉത്തരവ് ഇറക്കിയതെന്നും മൂന്നാര്‍ പോലുള്ള കേസുകളില്‍ ദൗര്‍ബല്യം ഉണ്ടാകാതിരിക്കാനാണു ഭേദഗതി പിന്‍വലിച്ചതെന്നുമാണു മന്ത്രി പറഞ്ഞിരുന്നത്.

© 2024 Live Kerala News. All Rights Reserved.