രോഗികള്‍ വലഞ്ഞു; സമരം ശക്തമാക്കി പി.ജി ഡോക്ടര്‍മാര്‍; ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്, ഹൗസ് സര്‍ജന്‍മാരും പണിമുടക്കും;മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍;ശസ്ത്രക്രിയകള്‍ മാറ്റി

തിരുവനന്തപുരം/ കോഴിക്കോട്: സംസ്ഥാനത്ത് പിജി ഡോക്ടര്‍ നടത്തി വരുന്ന സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. പിജി ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരത്തിന് പിന്തുണ അറിയിച്ച് ഹൗസ് സര്‍ജന്‍മാരും ഇന്ന് ഡ്യൂട്ടി ബഹിഷ്‌കരിക്കും. 24 മണിക്കൂറാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എമര്‍ജന്‍സി, കോവിഡ് ഡ്യൂട്ടികളില്‍ നിന്ന് വിട്ടു നില്‍ക്കില്ല. സമരം ശക്തമാക്കുന്നതിന് മുന്നോടിയായി പിജി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. പിജി ഡോക്ടര്‍മാരുടെ സമരത്തിനിടെ ഹൗസ് സര്‍ജന്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. പിജി ഡോക്ടര്‍മാരുമായി ഇനി ചര്‍ച്ച നടത്തുന്ന പ്രശ്‌നമേ ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ തന്നെയാണ് പിജി ഡോക്ടേഴ്‌സ് അസോസിയേഷന്റെ തീരുമാനവും. ഹൗസ് സര്‍ജന്‍മാര്‍ എമര്‍ജന്‍സി, കൊവിഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും, സമരത്തോടെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നീറ്റ് പിജി പ്രവേശന നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തുക, സ്‌റ്റൈപ്പന്‍ഡ് നാല് ശതമാനം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പി.ജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. എന്നാല്‍ സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ അനുകൂല നടപടിയുണ്ടാകില്ലെന്നാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്ന നിലപാട്. അതേസമയം സമരക്കാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ ഇന്ന് ആരംഭിച്ചു. ഇതിനായുള്ള അഭിമുഖം മെഡിക്കല്‍ കോളജുകളില്‍ പുരോഗമിക്കുകയാണ്.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥിതി രൂക്ഷമാണ്. രോഗികളുടെ നീണ്ട നിരയാണ് പലയിടത്തും. മെഡിക്കല്‍ കോളേജ് ഒപികളില്‍ പകുതിയില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഒപികളില്‍ വന്‍ തിരക്ക് വന്നതോടെ ശസ്ത്രക്രിയകള്‍ പലതും മാറ്റിവച്ചു. രോഗികളെ പലരെയും ആശുപത്രി അധികൃതര്‍ തിരിച്ചയക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഒപിയില്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ മാത്രമാണ് ഇന്ന് രോഗികളെ നോക്കുന്നത്. ഒപിയില്‍ എത്തിയ ചിലര്‍ ചികിത്സ കിട്ടാതെ തിരിച്ച് പോയി. എന്നിട്ടും മെഡിക്കല്‍ കോളേജ് ഒപിയില്‍ വന്‍ തിരക്കാണ്. നിശ്ചയിച്ച ശസ്ത്രക്രിയകള്‍ പലതും മാറ്റേണ്ടി വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

© 2022 Live Kerala News. All Rights Reserved.