ന്യൂഡല്‍ഹി:തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേരുടെ മരണത്തില്‍ ആളുകള്‍ക്കിടയില്‍ സംശയമുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അടുത്ത കാലത്തായി ചൈനയ്ക്കും പാക്കിസ്ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക നീക്കങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ജനറല്‍ റാവത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തരമൊരു അപകടം നടക്കുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും രാജ്യസഭാ എം.പി കൂടിയായ സഞ്ജയ് റാവത്ത് പറഞ്ഞു.പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ആസൂത്രണം ചെയ്യുന്നതില്‍ ജനറല്‍ റാവത്ത് നിര്‍ണായക പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു. ജനറല്‍ റാവത്ത് സഞ്ചരിച്ചിരുന്നത് രണ്ട് എഞ്ചിനുകളാല്‍ പ്രവര്‍ത്തിക്കുന്ന ഹെലികോപ്റ്ററിലാണ്. സായുധ സേനയെ നവീകരിച്ചതായി അവകാശപ്പെടുമ്പോള്‍ ഇത് എങ്ങനെ സംഭവിക്കുമെന്ന കാര്യം ഓര്‍ത്ത് തനിക്ക് അത്ഭുതം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ തലവന്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ഡല്‍ഹി കാന്റിലെ ശ്മശാനത്തില്‍ സംസ്‌കരിക്കും. അപകടത്തില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 പേരും മരിച്ചു. ജനറല്‍ ബിപിന്‍ റാവത്തിന് പുറമേ ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലഫ് കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, നായക് ഗുരു സേവക് സിംഗ് നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്‌ളൈ റ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, പൈലറ്റ് വിംഗ് കമാന്‍ഡര്‍ ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിംഗ് എന്നിവരാണ് മരിച്ചത്. ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്. 80 ശതമാനത്തോളം പൊള്ളലോടെ അദ്ദേഹം വെല്ലിങ്ടണിലെ സേന ആശുപത്രിയില്‍ ചികിത്സയിലാണ്.