സൈനിക ഹെലികോപ്റ്റര്‍ അപകടം;13 മരണം;മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

ഊട്ടി:തമിഴ്‌നാട്ടില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 13 പേര്‍ മരിച്ചെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 ആളുകളും കൊല്ലപ്പെട്ടിട്ടുണ്ട് എന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ഡി.എന്‍.എ പരിശോധന വേണമെന്നും എന്‍.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഒരാള്‍ മാത്രമാണ് നിലവില്‍ ജീവനോടെയുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആശുപത്രിയില്‍ കഴിയുന്നത് ആരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
മൃതദേഹങ്ങള്‍ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്. ഊട്ടി കുന്നൂരിനു സമീപമാണ് ബുധനാഴ്ച ഉച്ചയോടെ സൈനിക ഹെലികോപ്ക്ടര്‍ തകര്‍ന്ന് വീണത്.വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍ പെട്ടത്.

© 2023 Live Kerala News. All Rights Reserved.