വീണ്ടും ജയിലിലേക്ക്;ഓങ് സാന്‍ സൂചിയ്ക്ക് നാല് വര്‍ഷം തടവ്ശിക്ഷ വിധിച്ച് കോടതി

ബര്‍മ്മ: നൊബേല്‍ ജേതാവും മ്യാന്‍മറിലെ നേതാവുമായ ഓങ് സാന്‍ സൂചിയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോട്ട് ചെയ്യുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് നാല് വര്‍ഷത്തേക്കാണ് സൂചിയെ ശിക്ഷിച്ചത്.കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് രണ്ട് വര്‍ഷവും പ്രേരണക്കുറ്റത്തിന് രണ്ട് വര്‍ഷവും ഉള്‍പ്പടെയാണ് നാല് വര്‍ഷത്തേക്കുള്ള തടവ് ശിക്ഷ.മുന്‍ പ്രസിഡന്റ് വിന്‍ മിന്റിനേയും സമാനകുറ്റം ചുമത്തി നാല് വര്‍ഷത്തെ തടവിന് വിധിച്ചിട്ടുണ്ട്.അതേസമയം ഇരുവരേയും ഇതുവരെ ജയിലിലേക്ക് കൊണ്ടുപോയിട്ടില്ല. നേരത്തെ സൂചിക്കെതിരെ മ്യാന്‍മറിലെ പട്ടാള ഭരണകൂടം അഴിമതിക്കുറ്റം ചുമത്തിയിരുന്നു. അനധികൃതമായി പണവും സ്വര്‍ണ്ണവും കൈവശം വെച്ചെന്നാരോപിച്ചാണ് സൂചിയ്‌ക്കെതിരെ കേസെടുത്തത്.സൂചി അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നും വന്‍ അഴിമതികളാണ് നടത്തിയതെന്നും പട്ടാളഭരണകൂടം ആരോപിച്ചു. രാജ്യദ്രോഹക്കുറ്റം തുടങ്ങിയ വകുപ്പുകളാണ് സൂചിയ്‌ക്കെതിരെ ചുമത്തിയിരുന്നത്.ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്‌ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്.ഓങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു.

© 2022 Live Kerala News. All Rights Reserved.