അമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു;മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

വൈപ്പിന്‍:എറണാകുളം ജില്ലയിലെ വൈപ്പിന്‍ അമ്മക്കൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ മകനും മരിച്ചു. നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയില്‍ പരേതനായ സാജുവിന്റെ മകന്‍ അതുലാണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് അതുലിന്റെ അമ്മ സിന്ധു ഇന്നലെ മരിച്ചു. 70 ശതമാനം പൊള്ളലേറ്റ അതുല്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സിന്ധുവിന്റെ കുടുംബം ആരോപിക്കുന്നു. സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു. ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ട് എന്നും കുടുംബം പറയുന്നു. മരിക്കുന്നതിന് മുന്‍പ് സിന്ധു സംസാരിക്കുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി. തന്നെ ശല്യം ചെയ്തിരുന്ന യുവാവിന്റെ പേരാണ് ശബ്ദരേഖയില്‍ സിന്ധു പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സിന്ധുവിന്റെ ഫോണ്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ എടുത്തു.സിന്ധുവിന്റെയും മകന്റെയും മരണത്തിന് കാരണമായത് യുവാവിന്റെ ശല്യം ചെയ്യല്‍ ആണെന്നാണ് പൊലീസിന്റെ നിഗമനം. യുവാവിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തു. ഉച്ചയോടെ അറസ്റ്റ് ചെയ്തേക്കും. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെയും മകനെയും വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്നു പുക ഉയരുന്നത് കണ്ട് എത്തിയ സമീപവാസികളും ബന്ധുക്കളും ചേര്‍ന്ന് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.

© 2022 Live Kerala News. All Rights Reserved.