പാലക്കാട്: അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്. അട്ടപ്പാടിയില്‍ ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 പേര്‍ ഹൈ റിസ്‌കില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആദിവാസി ഗര്‍ഭിണികളില്‍ 218ല്‍ 191 പേരും ഹൈ റിസ്‌കില്‍ ഉള്‍പ്പെട്ടവരാണ്. ഇവരില്‍ 90 പേര്‍ക്ക് തൂക്കകുറവുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 17 ഗര്‍ഭിണികളില്‍ അരിവാള്‍ രോഗവും 115 പേരില്‍ ഹീമോഗ്ലോബിന്റെ കുറവാണെന്നും ആരോഗ്യ വകുപ്പിന്റെ കണക്കില്‍ വ്യക്തമാക്കുന്നു. അട്ടപ്പാടിയില്‍ തുടര്‍ച്ചയായി നവജാത ശിശുക്കളുടെ മരണം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഈ കണക്കെടുപ്പ് നടത്തിയത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, അരിവാള്‍ രോഗം, ഗര്‍ഭം അലസാന്‍ സാധ്യതയുള്ളവര്‍ ഗര്‍ഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവര്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ ആധാരമാക്കിയാണ് ഗര്‍ഭിണികളെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രസവ സമയത്ത് അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുണ്ട് എന്നാണ് ഹൈ റിസ്‌ക് പട്ടിക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മാത്രം കണക്കാണിത്. ഇനിയും ആളുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് അതുകൊണ്ട് വിവിധ വകുപ്പുകളുടെ സഹായത്താല്‍ കൃത്യമായ പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.ഇന്നലെ അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറുടെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് പരാമര്‍ശിച്ചുകൊണ്ടുള്ള കണക്കുകള്‍ അവതരിപ്പിച്ചത്.