ഐഎംഎഫിന്റെ തലപ്പത്തേക്ക് ഗീത ഗോപിനാഥ്; ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാകും

വാഷിങ്ടണ്‍:ഐഎംഎഫിന്റെ തലപ്പത്തേക്ക് ഗീത ഗോപിനാഥ്. മലയാളിയായ ഗീതാ ഗോപിനാഥ് ജനുവരിയില്‍ ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയരക്ടറായി ചുമതലയേല്‍ക്കും. ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയുടെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ജെഫ്രി ഒകമോട്ടോയുടെ പിന്‍ഗാമിയായാണ് ഗീതാ ഗോപിനാഥ് എത്തുന്നത്.ചരിത്രത്തില്‍ ആദ്യമായി ഐഎംഎഫിന്റെ തലപ്പത്ത് രണ്ട് സ്ത്രീകള്‍ എന്ന പ്രത്യേകതയും ജനുവരിയിലെ സ്ഥാനാരോഹണത്തിന് ഉണ്ടാവും. ഉചിതമായ സമയത്തെ ഉചിത വ്യക്തി എന്നാണ് ഗീതാ ഗോപിനാഥ് സ്ഥാനമേല്‍ക്കുന്നതിനെ ഐഎംഎഫ് ചീഫ് ക്രിസ്റ്റലിന ജോര്‍ജിവിയ വിശേഷിപ്പിച്ചത്.നിലവിലെ മഹാമാരി കാരണം നമ്മുടെ അംഗരാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളി വ്യാപ്തിയില്‍ വര്‍ദ്ധനവ് ഉണ്ടായതിനാല്‍ ലോകത്തിലെ പ്രമുഖ മാക്രോഇക്കണോമിസ്റ്റുകളിലൊരാളായി സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ഗീതയക്ക് ഈ ഘട്ടത്തില്‍ എഫ്ഡിഎംഡി റോളിനായി ആവശ്യമുള്ള വൈദഗ്ദ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഐഎംഎഫ് ചീഫിന്റെ പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ഐഎംഎഫിന്റെ ചീഫ് എക്കണോമിസ്റ്റായ ഗീത ജനുവരിയില്‍ സ്ഥാനമൊഴിഞ്ഞ് തിരികെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലെ എക്കണോമിക്ക് ഡിപ്പാര്‍ട്ട്മെന്റിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഐഎംഎഫിന്റെ തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.2018 ഒക്ടോബറിലാണ് 49കാരിയും മലയാളിയുമായ ഗീത ഗോപിനാഥിനെ ഐഎംഎഫ് മുഖ്യ സാമ്പത്തിക ഉപദേശകയായി നിയമിച്ചത്. മൗരി ഓബ്‌സ്‌ററ് ഫീല്‍ഡിന്റെ പിന്‍ഗാമിയായിരുന്നു നിയമനം. ഗീത ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. ഇന്ത്യയില്‍ ജനിച്ച ഗീത ഗോപിനാഥ് യുഎസ് പൗരയാണ്.

© 2022 Live Kerala News. All Rights Reserved.