ബിനീഷ് കോടിയേരി ഇനി വക്കീല്‍ വേഷത്തില്‍; ഒപ്പം ഷോണും നിനുവും

കൊച്ചി:ബിനീഷ് കോടിയേരിയെ ഇനി വക്കീല്‍ വേഷത്തില്‍ കാണാം. ജയിലില്‍ നിന്നും കിട്ടിയ അനുഭവമാണ് പുതിയ തീരുമാനത്തിന് പിന്നില്‍ എന്നു ബിനീഷ് പറഞ്ഞു. നേരത്തേ വക്കീല്‍ ആകാനുള്ള തയാറെടുപ്പുകള്‍ നടന്നുകൊണ്ടിരുന്ന സമയത്തായിരുന്നു ബിനീഷ് മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായതും ജയിലില്‍ കഴിഞ്ഞതും. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബിനീഷ് കോടിയേരി അഭിഭാഷകവൃത്തിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ്.ബിനീഷിന്റെ സഹപാഠികളായിരുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവരോടൊപ്പമാണ് പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. എറണാകുളം ഹൈക്കോടതിയോടു ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സില്‍ 651ാം നമ്പര്‍ മുറിയില്‍ ഞായറാഴ്ച മുതല്‍ ഇവരുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും.പുതിയ ഓഫിസിന്റെ ഉദ്ഘാടന ചടങ്ങില്‍ പി.സി.ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങില്‍ എത്തില്ലെന്നാണ് വിവരം.മൂന്ന് പേരും 2006ല്‍ എന്റോള്‍ ചെയ്തവരാണ്. ഷോണ്‍ ജോര്‍ജ് രണ്ടു വര്‍ഷം അഭിഭാഷകനായി പ്രാക്ടീസും ചെയ്തിട്ടുണ്ട്. തങ്ങളെ അഭിഭാഷകരായി കാണാനാണ് വീട്ടുകാരും ആഗ്രഹിക്കുന്നത് എന്ന് ഷോണ്‍ പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.