പെരിയ ഇരട്ടക്കൊലക്കേസ്; അഞ്ചു സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റു ചെയ്തു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു സിപിഐഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റു ചെയ്തു. എച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറി ശാസ്താ മധു, വിഷ്ണു സുര, റജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് സിബിഐ ക്യാംപ് ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ഡിവൈഎസ്പി ടി പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും.
2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും (21) ശരത് ലാലിനേയും (24) സിപിഐഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരാണ് പ്രതികള്‍ ഇവരില്‍ മൂന്നുപേര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 2019 സെപ്റ്റംബര്‍ 30 കേസ് സിബിഐക്ക് വിട്ടിരുന്നു. തുടര്‍ന്ന് 14 പ്രതികളെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും സിബിഐ അന്വേഷണം തടസപ്പെടുകയും ചെയ്തിരുന്നു. ഇതോടെ കോടതിയെ സമീപിച്ച കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കള്‍ അന്വേഷണത്തിനുവേണ്ടി കോടതിയെ സമീപിച്ചു.പിന്നീട് ഹൈ്‌ക്കോടതി കേസ് സിബിഐയ്ക്ക് വിടുകയായിരുന്നു. ഇത് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു.

© 2022 Live Kerala News. All Rights Reserved.