ഒമിക്രോണ്‍ ഗള്‍ഫിലും; സൗദി അറേബ്യയിലും സ്ഥിരീകരിച്ചു;രോഗം ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരന്

റിയാദ്:കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയിലും സ്ഥിരീകരിച്ചു.ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്.ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫില്‍ ആദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.അതേസമയം ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്റീനിലേക്ക് മാറ്റി.നേരത്തെ മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സൗദി 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ഏര്‍പ്പെടുത്തും മുന്‍പ് സൗദിയിലെത്തിയതാവാം ഇദ്ദേഹം എന്നാണ് നിഗമനം.മലാവി, സാംബിയ, മഡഗാസ്‌കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നു വരുന്നുവരുടെ ക്വാറന്റൈനും സൗദി കര്‍ശനമാക്കിയിട്ടുണ്ട്.ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ സാന്നിധ്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം ഒമിക്രോണ്‍ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെ യോഗത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയില്‍ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയും ഇക്കാര്യം പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.