ഒമിക്രോണ്‍ ഭീതി; ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വ്വീസുകള്‍ റദ്ദാക്കണം; നിയന്ത്രിക്കാതിരുന്നാല്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വ്വീസുകള്‍ റദ്ദാക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിയന്ത്രിക്കാതിരുന്നാല്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നും ഇതേറ്റവും ഗുരുതരമായി ബാധിക്കുക ദില്ലിയെയായിരിക്കുമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. അടിയന്തരമായി അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും കെജ്രിവാള്‍ കത്തില്‍ ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് കെജ്രിവാള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ പല രാജ്യങ്ങളും ഇതിനോടകം നിര്‍ത്തി കഴിഞ്ഞു. എന്തുകൊണ്ടാണ് ഇവിടെ ഇക്കാര്യത്തില്‍ തീരുമാനം വൈകുന്നത് കൊവിഡിന്റെ ആദ്യതരംഗത്തിലും വിദേശവിമാനങ്ങള്‍ നിയന്ത്രിക്കുന്നത് വൈകിയിരുന്നു. മിക്ക വിദേശ വിമാനങ്ങളും ഡല്‍ഹിയിലേക്കാണ് വരുന്നത്.അതേസമയം വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ ദില്ലി സര്‍ക്കാര്‍ കരുതല്‍ നടപടികള്‍ ശക്തമാക്കി. ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചാല്‍ ചികിത്സിക്കാന്‍ ആശുപത്രി സജ്ജമാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ദില്ലിയിലെ എല്‍എന്‍ ജെപി ആശുപത്രിയാണ് ഒമിക്രോണ്‍ ചികിത്സക്കായി സജ്ജമാക്കിയിരിക്കുന്നത്.ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഇന്ന് വിലയിരുത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് അവലോകനയോഗം വിളിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ അധ്യക്ഷതയിലും ഇന്ന് യോഗം ചേരുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍ ഇതിനോടകം യോഗം ചേര്‍ന്നു. കര്‍ണാടക മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ബെംഗളൂരുവില്‍ തുടങ്ങി.

© 2022 Live Kerala News. All Rights Reserved.