അഭിമാന നിമിഷം;വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ നാവിക സേനയുടെ മേധാവി

ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ നാവിക സേനയുടെ മേധാവിയായി ചുമതലയേറ്റു. ദില്ലിയില്‍ പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വച്ചായിരുന്നു ചടങ്ങ്. നിലവിലെ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് രാവിലെ സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് 25ാമത് മേധാവിയായി തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ ചുമതലയേറ്റത്. വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ഇത് തനിക്ക് അഭിമാനം നിറഞ്ഞ നിമിഷമെന്ന് പ്രതികരിച്ചു.തന്റെ മുന്‍ഗാമികളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. ആ പാത പിന്തുടരുമെന്നും അദ്ദഹം പറഞ്ഞു.പശ്ചിമ നേവല്‍ കമാണ്ട് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് ആര്‍ ഹരികുമാര്‍ എത്തുന്നത്. 2024 ഏപ്രില്‍ മാസം വരെയാകും കാലാവധി.തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാര്‍ 1983-ലാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്. ഐഎന്‍എസ് വിരാട്, ഐഎന്‍എസ് റണ്വീര്‍ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാന്‍ഡറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇന്‍ഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹരികുമാര്‍ ചുമതലയേറ്റെടുത്തത്.പിന്നാലെയാണ് 39 വര്‍ഷത്തെ അനുഭവപരിചയുമായി ഇന്ത്യന്‍ നാവികസേനയുടെ തലപ്പത്തേക്ക് അദ്ദേഹം അവരോധിക്കപ്പെടുന്നത്. പരം വിശിഷ്ഠ് സേവ മെഡല്‍ , അതി വിശിഷ്ഠ് സേവാമെഡല്‍, വിശിഷ്ഠ് സേവാമെഡല്‍ എന്നിവ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്

© 2024 Live Kerala News. All Rights Reserved.